
തെരുവ് പൂച്ചകളുടെ എണ്ണം നിയന്ത്രിക്കാനും പൊതുജനാരോഗ്യവും മൃഗക്ഷേമവും ഉറപ്പാക്കാനുമായി യു.എ.ഇയിൽ പുതിയ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി വളർത്തുമൃഗങ്ങളെ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ നടത്താത്ത ഉടമകൾക്ക് പിഴയും ചുമത്തും.
നിലവിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ലൈസൻസുള്ള വെറ്ററിനറി ക്ലിനിക്കുകൾ വഴിയോ ‘താം’ (TAMM) പ്ലാറ്റ്ഫോം വഴിയോ നടപടികൾ പൂർത്തിയാക്കാം. മൈക്രോചിപ്പ് ഘടിപ്പിച്ച വളർത്തുമൃഗങ്ങളെ നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാത്തവർക്ക് 1,000 ദിർഹം പിഴയും, രജിസ്ട്രേഷൻ പുതുക്കാത്തവർക്ക് 500 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, അബൂദബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും ചേർന്ന് ‘ടിഎൻവിആർ (Trap–Neuter–Vaccinate–Return)’ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി തെരുവ് പൂച്ചകളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്സിനേഷൻ, മൈക്രോചിപ്പ് സ്ഥാപിക്കൽ, കൃമിനാശിനി ചികിത്സ എന്നിവ നൽകിയ ശേഷം അവയെ വീണ്ടും അതേ പ്രദേശത്ത് വിട്ടയക്കുകയും ചെയ്യുന്നു. പരിചരണം ലഭിച്ച പൂച്ചകളെ തിരിച്ചറിയുന്നതിനായി അവയുടെ ഇടത് ചെവിയിൽ ചെറിയൊരു അടയാളം നൽകും. ഇത് വേദനയുണ്ടാക്കുന്ന നടപടിയല്ലെന്നും ചികിത്സ ലഭിച്ച പൂച്ചകളെ എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയുള്ള സ്ഥിരമായ അടയാളം മാത്രമാണെന്നും അധികൃതർ വിശദീകരിച്ചു. പരിചരണം ആവശ്യമായ തെരുവ് പൂച്ചകളെ കണ്ടെത്തുന്നവർ അബൂദബി ഗവൺമെന്റ് കോൺടാക്ട് സെന്ററിന്റെ 800-555 നമ്പറിൽ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t