ഗൾഫ് മേഖല വീണ്ടും അതീവ ജാഗ്രതയിൽ; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടെ സുരക്ഷ ശക്തമാക്കി; ആശങ്കയോടെ ജനങ്ങൾ

യുഎസ്–ഇറാൻ ധാരണാപത്രം നിലവിൽ വന്നതിന് ശേഷം ആദ്യമായി ഗൾഫ് മേഖലയിൽ വീണ്ടും സുരക്ഷാ ആശങ്ക ഉയർന്നു. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും വ്യോമഭീഷണികളും റിപ്പോർട്ട് ചെയ്തതോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും ശക്തമായിരിക്കുകയാണ്. ഇന്നലെ രാവിലെ ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും യുഎഇയുടെ വ്യോമാതിർത്തിയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 69 ദിവസത്തിന് ശേഷമാണ് യുഎഇ വീണ്ടും ഇത്തരമൊരു ആക്രമണ ഭീഷണി നേരിടുന്നത്. ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് വ്യോമതാവളത്തെയും ആക്രമണം ലക്ഷ്യമിട്ടു. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുവൈത്തിന്റെ വ്യോമപരിധിയിലും ഇറാൻ ഡ്രോണുകൾ കണ്ടെത്തിയതായി സൈനിക അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷവും രണ്ട് തവണ കൂടി വ്യോമാക്രമണ മുന്നറിയിപ്പുകൾ ഉണ്ടായതായി വിവരമുണ്ട്. ബഹ്റൈനിൽ ഒരു ദിവസം മൂന്ന് തവണ സുരക്ഷാ സൈറണുകൾ മുഴക്കിയതും മേഖലയിലെ ആശങ്ക വർധിപ്പിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും സംബന്ധിച്ച് ചർച്ചകൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ഒമാനെ ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായത്. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന സംവിധാനത്തിനും നാവികസേനയുടെ ബോട്ടുകൾക്ക് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിനുമെതിരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. സംഭവത്തിൽ ഒമാൻ സർക്കാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, തെക്കൻ സമുദ്രപാത നിലവിൽ തുറന്നുകിടക്കുന്നതായി സംയുക്ത മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു. സുരക്ഷാ സാഹചര്യം പരിഗണിച്ച് രാജ്യത്തെ എല്ലാ നാവിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ അറിയിച്ചു. യാത്രാ ബോട്ടുകളും മത്സ്യബന്ധന ബോട്ടുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നടത്തരുതെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy