ചെക്ക് കേസിൽ കുടുക്കി വിശ്വസിച്ച സുഹൃത്ത് ചതിച്ചു…‘ഭക്ഷണം കഴിക്കാൻ വകയില്ല, തലചായ്ക്കാൻ ഒരിടമില്ല’: യുഎഇയിൽ മലയാളി യുവാവിന്റെ ജീവിതം തെരുവിൽ

കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തുമെന്ന സ്വപ്നവുമായി ഗൾഫിലെത്തിയ ആലപ്പുഴ മാവേലിക്കര സ്വദേശിയായ 38-കാരൻ ഇന്ന് ഷാർജയിലെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടിനടിയിൽ അഭയം തേടുകയാണ്. ഒരുകാലത്ത് സൗദി അറേബ്യയിലും ഒമാനിലും മികച്ച ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം, ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനും സുരക്ഷിതമായ ഒരു കിടപ്പിടത്തിനുമായി മറ്റുള്ളവരുടെ കരുണ കാത്തിരിക്കുകയാണ്.
2018-ലാണ് തൊഴിൽ തേടി യുഎഇയിലെത്തിയത്. അതിന് മുമ്പ് നാല് വർഷം സൗദിയിലും രണ്ട് വർഷം ഒമാനിലുമായി ഓയിൽ ഫീൽഡ് മേഖലയിലടക്കം ജോലി ചെയ്തിരുന്നു. പിന്നീട് കാനഡയിലേക്ക് കുടിയേറണമെന്ന ലക്ഷ്യത്തോടെ നാട്ടിലേക്ക് മടങ്ങിയെങ്കിലും, വീസ വാഗ്ദാനം ചെയ്ത ഏജൻസിക്ക് ആറു ലക്ഷത്തോളം രൂപ നൽകിയിട്ടും തട്ടിപ്പിനിരയായി. ദുബായ് വഴി കാനഡയിലേക്ക് അയക്കാമെന്ന പേരിൽ സന്ദർശക വീസയിൽ യുഎഇയിലെത്തിച്ച ശേഷം ഏജൻസി അപ്രത്യക്ഷമായി. തുടർന്ന് 2021-ൽ വീണ്ടും തൊഴിൽ വീസയെടുത്ത് ജീവിതം പുനരാരംഭിക്കാൻ ശ്രമിച്ചു.

എന്നാൽ, പിന്നീട് വിശ്വസിച്ച സുഹൃത്തിന്റെ പ്രവൃത്തിയാണ് ജീവിതം പൂർണമായും തകർത്തത്. താമസസൗകര്യം ഒരുക്കുന്നതിനായി സുഹൃത്തിനും കുടുംബത്തിനുമായി സ്വന്തം പേരിൽ 12 ചെക്കുകൾ നൽകിയെങ്കിലും, അവസാന നാല് ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങിയതോടെയാണ് വഞ്ചന മനസ്സിലായത്. ഇതിനിടെ സുഹൃത്തും കുടുംബവും താമസസ്ഥലം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് കെട്ടിട ഉടമ നിയമനടപടി സ്വീകരിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വീസയുടെ കാലാവധിയും അവസാനിച്ചതോടെ ജോലി ചെയ്യാനുള്ള അവസരവും നഷ്ടമായി. വാടക നൽകാൻ കഴിയാതെ താമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിയേണ്ടി വന്നതോടെ, ഷാർജ മുവൈലയിലെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടിനടിയിലാണ് ഇപ്പോൾ കഴിയുന്നത്. ഒരു സുഹൃത്ത് നൽകുന്ന ഒരു നേരത്തെ ഭക്ഷണമാണ് ഇപ്പോഴത്തെ ഏക ആശ്രയം. കുടിവെള്ളത്തിനായി സമീപത്തെ പള്ളിയെ ആശ്രയിക്കുന്ന ഇദ്ദേഹത്തിന് കേസ് തീർപ്പാക്കാൻ എത്ര തുക ആവശ്യമാണ് എന്നുപോലും വ്യക്തമല്ല.

ഇതിനിടയിൽ ആരോഗ്യപ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടുകയാണ്. നാട്ടിലുള്ള പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടി വന്നിരുന്നു. മുമ്പ് ജോലിക്കിടെ ഉണ്ടായ അപകടത്തിൽ വലതുകൈയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ കഠിനമായ ജോലികൾ ചെയ്യാനും സാധിക്കുന്നില്ല. തലചായ്ക്കാൻ ഒരു ചെറിയ ബെഡ് സ്പേസ്, ദിവസേന ഭക്ഷണം, നിയമസഹായം, കൈയുടെ പരിമിതി പരിഗണിച്ച് ഒരു തൊഴിൽ—ഇത്രമാത്രമാണ് ഇപ്പോൾ ഈ യുവാവിന്റെ പ്രതീക്ഷ. മനുഷ്യസ്നേഹമുള്ള ആരെങ്കിലും സഹായഹസ്തം നീട്ടുമെന്ന വിശ്വാസത്തിലാണ് ഓരോ ദിവസവും അദ്ദേഹം മുന്നോട്ടു പോകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy