
യുഎഇയുടെ സാംസ്കാരിക പൈതൃകവും പുരാവസ്തു സമ്പത്തും കൂടുതൽ ശക്തമായി സംരക്ഷിക്കുന്നതിനായി കർശന ശിക്ഷാവ്യവസ്ഥകളോടെയുള്ള പുതിയ ഫെഡറൽ നിയമത്തിന് അംഗീകാരം ലഭിച്ചു. നിയമം ലംഘിക്കുന്നവർക്ക് 10 ദശലക്ഷം ദിർഹം (ഒരു കോടി ദിർഹം) വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കാവുന്ന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെഡറൽ നാഷനൽ കൗൺസിൽ (FNC) പാസാക്കിയ നിയമം രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുകയും രേഖപ്പെടുത്തുകയും ഭാവിതലമുറകൾക്കായി സംരക്ഷിച്ചു നിലനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നത്. ഫ്രീ സോണുകൾ ഉൾപ്പെടെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും നിയമം ബാധകമായിരിക്കും. പരമ്പരാഗത പൈതൃകങ്ങൾക്കും പുരാവസ്തുക്കൾക്കുമൊപ്പം ആദ്യമായി ഡിജിറ്റൽ പൈതൃകവും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടലിനടിയിലുള്ള പുരാവസ്തുക്കളും കപ്പൽ അവശിഷ്ടങ്ങളും ഇനി നിയമപരമായ സംരക്ഷണം ലഭിക്കുന്ന വിഭാഗത്തിൽപ്പെടും. രാജ്യത്ത് എവിടെയെങ്കിലും പുരാവസ്തുക്കളോ ചരിത്രപ്രാധാന്യമുള്ള പൈതൃകാവശിഷ്ടങ്ങളോ കണ്ടെത്തിയാൽ അവയിൽ ഇടപെടാതെ 48 മണിക്കൂറിനകം സാംസ്കാരിക മന്ത്രാലയത്തെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ അറിയിക്കണം. സമയബന്ധിതമായി വിവരം കൈമാറുന്നവർക്ക് പ്രതിഫലവും നൽകുമെന്ന് അധികൃതർ അറിയിച്ചു.
പൈതൃക സ്മാരകങ്ങൾ മനഃപൂർവ്വം നശിപ്പിക്കൽ, മോഷ്ടിക്കൽ, കടത്തൽ, അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കഠിന തടവിനൊപ്പം 5 ലക്ഷം മുതൽ ഒരു കോടി ദിർഹം വരെ പിഴ ലഭിക്കും. അനുമതിയില്ലാതെ പുരാവസ്തു ഖനനം നടത്തുക, പൈതൃക കേന്ദ്രങ്ങളിൽ മാലിന്യം തള്ളുക, വ്യാജ പുരാവസ്തുക്കൾ നിർമിച്ച് വിൽക്കുക, രാജ്യത്തിന്റെ പൈതൃകത്തെ അപമാനിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്കും തടവും വൻ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു. അനുമതിയില്ലാതെ പൈതൃക കേന്ദ്രങ്ങളിൽ പരസ്യങ്ങൾ സ്ഥാപിക്കൽ, പരിപാടികൾ സംഘടിപ്പിക്കൽ, കൈവശമുള്ള പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യാതിരിക്കുക, സംരക്ഷണ ചുമതലകൾ അവഗണിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കർശന ശിക്ഷ ലഭിക്കും. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങളും ഉപകരണങ്ങളും കോടതി ഉത്തരവിലൂടെ കണ്ടുകെട്ടുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t