35,000 അടി ഉയരത്തിൽ രക്ഷകയായി ‘മലയാളി നഴ്സ്; ദുബായ്-തിരുവനന്തപുരം വിമാനത്തിൽ യാത്രക്കാരിക്ക് പുതുജീവൻ നൽകി പൂജ

35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ അടിയന്തര സാഹചര്യത്തിൽ പെട്ട യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വെച്ച് അവശയായ സ്തനാർബുദ ശസ്ത്രക്രിയ കഴിഞ്ഞ യാത്രക്കാരിക്കാണ് റാസൽഖൈമ ആർഎകെ ഹോസ്പിറ്റലിലെ നഴ്സ് പൂജ രക്ഷകയായത്. ജൂലൈ ഒന്നിന് ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു പൂജ. വിമാനം പറന്നുയർന്ന് കുറച്ചു കഴിഞ്ഞപ്പോൾ, യാത്രക്കാരിൽ ആരെങ്കിലും ഡോക്ടറോ നഴ്സോ ഉണ്ടോ എന്ന ക്യാബിൻ ക്രൂവിന്റെ അടിയന്തര സന്ദേശം വിമാനത്തിൽ മുഴങ്ങി. മറ്റൊന്നും ആലോചിക്കാതെ പൂജ സീറ്റ് ബെൽറ്റ് അഴിച്ച് സഹായത്തിനായി മുന്നോട്ട് വരികയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന യാത്രക്കാരി ബോധം മറയുന്ന അവസ്ഥയിലായിരുന്നു. പൾസ് കുറയുകയും ശരീരം മരവിച്ച് വിറയ്ക്കുകയും ചെയ്ത അവരെ കണ്ടപ്പോൾ ഒരു നിമിഷം പോലും പാഴാക്കാനില്ലെന്ന് പൂജയ്ക്ക് മനസ്സിലായി. റാസൽഖൈമയിലെ എൻഐസിയു വിഭാഗത്തിൽ ജോലി ചെയ്യുന്ന പരിചയസമ്പത്ത് ആ ക്ലേശകരമായ സാഹചര്യത്തിലും പൂജയ്ക്ക് തുണയായി. യാത്രക്കാരിയുടെ അവസ്ഥ കണ്ട് വിമാനം അടിയന്തരമായി മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടണോ എന്ന് പൈലറ്റ് പൂജയോട് ചോദിച്ചു. എന്നാൽ തന്റെ നഴ്സിംഗ് പരിജ്ഞാനം ഉപയോഗിച്ച് രോഗിയെ പരിശോധിച്ച പൂജ, ഇത് ജീവന് ഭീഷണിയുള്ള സാഹചര്യമല്ലെന്നും അമിതമായ ക്ഷീണവും ഉത്കണ്ഠയും മൂലമുള്ള ശാരീരിക ബുദ്ധിമുട്ടാണെന്നും വിലയിരുത്തി. പൂജ നൽകിയ ആത്മവിശ്വാസത്തിൽ വിമാനം യാത്ര തുടർന്നു. യാത്രയിലുടനീളം ആ യാത്രക്കാരിയുടെ അരികിലിരുന്ന് പൾസ് പരിശോധിച്ചും വെള്ളം നൽകിയും സംസാരിച്ചും പൂജ അവരെ സാധാരണ നിലയിലേക്ക് എത്തിച്ചു. ലാൻഡ് ചെയ്യുന്നതിന് മുൻപ് അവർ പൂർണ്ണമായി സുഖം പ്രാപിക്കുകയും പുഞ്ചിരിയോടെ പൂജയ്ക്ക് നന്ദി പറയുകയും ചെയ്തു. ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളുമുണ്ടാകും, എന്നാൽ വിമാനത്തിനുള്ളിൽ നമ്മുടെ അറിവും കൈകളും മാത്രമാണ് നമുക്കുള്ളത്. അവർ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണാനായതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം, പൂജ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ മടിക്കാതെ മുന്നോട്ട് വരാൻ എല്ലാ ആരോഗ്യ പ്രവർത്തകരും തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version