‘കൺസ്യൂമർ പ്രൊട്ടക്ഷൻ’ (ഉപഭോക്തൃ സംരക്ഷണം) സേവനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങളെതിരെ ദുബായ് പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. പരാതി നൽകാനെന്ന പേരിൽ ഉപഭോക്താക്കളെ കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും വ്യക്തിഗത ഡാറ്റയും ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഉപഭോക്തൃ പരാതികൾ നൽകുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റുകൾ തിരയുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ അനുകരിച്ചുള്ള വ്യാജ വെബ്‌സൈറ്റുകളിൽ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, പരാതിയുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. തുടർന്ന്, ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെടുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു.
ഇതിന് പിന്നാലെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ റിമോട്ട് ആക്‌സസ് ലഭ്യമാക്കുന്ന ആപ്പുകളോ സോഫ്റ്റ്‌വെയറുകളോ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കും. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം ഓൺലൈൻ ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുകയും, അതുവഴി ഉപകരണത്തിന്റെ നിയന്ത്രണവും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കി അക്കൗണ്ടിൽ നിന്ന് പണം അനധികൃതമായി കൈമാറ്റം ചെയ്യുകയോ മറ്റ് സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയോ ചെയ്യുന്നതാണ് ഇവരുടെ രീതി.
സംശയാസ്പദമായ ലിങ്കുകൾ ഒരിക്കലും തുറക്കരുതെന്നും, പരിചയമില്ലാത്ത ആപ്പുകളോ സോഫ്റ്റ്‌വെയറുകളോ ഡൗൺലോഡ് ചെയ്യരുതെന്നും ദുബായ് പൊലീസിന്റെ ആന്റി ഫ്രോഡ് സെന്റർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഉപഭോക്തൃ പരാതികൾ നൽകാൻ ഔദ്യോഗിക സർക്കാർ ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും ബാങ്കിങ് വിവരങ്ങളോ ഒടിപിയോ മറ്റേതെങ്കിലും രഹസ്യ വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബായ് പൊലീസിന്റെ ഔദ്യോഗിക eCrime പ്ലാറ്റ്‌ഫോം വഴിയോ 901 നമ്പറിലോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t