വാട്‌സാപ് സന്ദേശങ്ങൾ രക്ഷയായി; വിവാഹ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട യുവതിക്ക് വൻതുക തിരികെ നൽകാൻ ദുബായ് കോടതി

ബിസിനസ് നിക്ഷേപത്തിന്റെയും വിവാഹ വാഗ്ദാനത്തിന്റെയും പേരിൽ വഞ്ചിക്കപ്പെട്ട യുവതിക്ക് ദുബായ് കോടതിയുടെ നിർണായക ഇടപെടലിലൂടെ ഏകദേശം 10 ലക്ഷം ദിർഹം തിരികെ ലഭിക്കാൻ വഴിയൊരുങ്ങി. രേഖാമൂലമുള്ള കരാറുകളൊന്നുമില്ലാതിരുന്നിട്ടും വാട്‌സാപ് സന്ദേശങ്ങളും ബാങ്ക് ഇടപാട് രേഖകളും കേസിൽ നിർണായക തെളിവുകളായി മാറുകയായിരുന്നു. യുഎഇയിലെ പ്രമുഖ കുടുംബത്തിൽപ്പെട്ട സ്വദേശിനിയായ യുവതിയുമായി കൂട്ടുകച്ചവടം ആരംഭിക്കാമെന്നും തുടർന്ന് വിവാഹം കഴിക്കാമെന്നും പ്രതി വിശ്വാസം നേടിയെടുത്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. വിവാഹാലോചനയെക്കുറിച്ച് തന്റെ അമ്മയ്ക്കും അറിയാമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച ഇയാൾ, ബിസിനസിനായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി സ്വന്തം പേരിൽ ബാങ്ക് വായ്പയെടുത്ത് വലിയ തുക കൈമാറുകയായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട ഉടൻ ഔദ്യോഗികമായി വിവാഹനടപടികളിലേക്ക് കടക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാൽ പിന്നീട് പ്രതി നേരത്തേ വിവാഹിതനാണെന്നും സമാനരീതിയിൽ മറ്റ് സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും യുവതി തിരിച്ചറിഞ്ഞു. ഇതോടെ കടബാധ്യതയിലായ അവർ നിയമസഹായം തേടുകയായിരുന്നു.

ബാങ്ക് ട്രാൻസ്ഫർ രേഖകളും ഇരുവരും തമ്മിൽ കൈമാറിയ വാട്‌സാപ് സന്ദേശങ്ങളും ശേഖരിച്ച് ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ അഭിഭാഷകൻ അഹമ്മദ് അൽ സർഊനിയുടെ നേതൃത്വത്തിൽ ശക്തമായ കേസ് കോടതിയിൽ സമർപ്പിച്ചു. കേസിന്റെ വിചാരണയ്ക്കിടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കോടതി ബാങ്കിങ് വിദഗ്ധനെ നിയോഗിച്ചു. പണം സ്വീകരിച്ചതായി സമ്മതിക്കുകയും പിന്നീട് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രതിയുടെ വാട്‌സാപ് സന്ദേശങ്ങൾ, ബാങ്ക് രേഖകൾ എന്നിവ പരിശോധിച്ച വിദഗ്ധ സമിതി, യുവതിയിൽ നിന്ന് പ്രതി വലിയ തുക കൈപ്പറ്റിയതായി സ്ഥിരീകരിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് ഏകദേശം 10 ലക്ഷം ദിർഹം തിരികെ നൽകാനും മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരവും കോടതിച്ചെലവുകളും പ്രതി വഹിക്കണമെന്നും ദുബായ് കോടതി ഉത്തരവിട്ടു. സിവിൽ, വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ വാട്‌സാപ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആശയവിനിമയങ്ങൾക്ക് രേഖാമൂലമുള്ള കരാറുകൾക്ക് തുല്യമായ നിയമപരമായ പ്രാധാന്യമുണ്ടെന്ന് ഈ വിധി വീണ്ടും വ്യക്തമാക്കുന്നതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകളിൽ വിശ്വാസത്തിനൊപ്പം രേഖകളും ഡിജിറ്റൽ തെളിവുകളും സൂക്ഷിക്കുന്നത് അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമാണെന്ന സന്ദേശവും ഈ കേസ് നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version