ഷോപ്പിംഗ് മാളിൽ വാക്കേറ്റത്തിൽ തുടങ്ങി കൈയാങ്കളിവരെ; കുവൈത്തിൽ യുവതികൾക്കെതിരെ കേസ് 

ഫർവാനിയ ഗവർണറേറ്റിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ രണ്ട് യുവതികൾ തമ്മിലുണ്ടായ തർക്കം ഒടുവിൽ പോലീസ് കേസായി. വാക്കുതർക്കമായി തുടങ്ങിയ സംഭവം പിന്നീട് പരസ്പരം ചീത്തവിളിയിലേക്കും കൈയാങ്കളിയിലേക്കും വഴിമാറിയതായാണ് റിപ്പോർട്ട്. മൊബൈൽ ഫോൺ ദുരുപയോഗവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മാളിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ ഇടപെട്ട് ഇരുവരെയും മാറ്റിനിർത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് നിയമനടപടികൾക്കായി യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പോലീസ് സ്റ്റേഷനിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയാണ് മൊഴി നൽകിയത്. ഒരാൾ, മറ്റേയാൾ മോശം വാക്കുകൾ ഉപയോഗിക്കുകയും ശാരീരികമായി ആക്രമിക്കുകയും മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് അധിക്ഷേപിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിപ്പെട്ടു.

എന്നാൽ ഈ ആരോപണങ്ങൾ രണ്ടാമത്തെ യുവതി നിഷേധിച്ചു. താനാണ് യഥാർത്ഥ ഇരയെന്നും, മറ്റേയാൾ അസഭ്യം പറയുകയും തന്റെ അനുവാദമില്ലാതെ തർക്കത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി അവർ ആരോപിച്ചു.

സംഭവത്തിന് സ്വതന്ത്ര സാക്ഷികളില്ലാത്തതും ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളിൽ ഉറച്ചുനിൽക്കുന്നതും അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്. തർക്കം എങ്ങനെയാണ് ആരംഭിച്ചതെന്ന് കണ്ടെത്താൻ മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version