വിമാനത്താവളത്തിലേക്ക് ഇനി ടാക്സി വേണ്ട, മെട്രോ പിടിച്ചാൽ മതി! ദുബായിൽ 2,000 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി

ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇനി മെട്രോയിലും പറന്നെത്താം! 2031-ഓടെ വിമാനത്താവളത്തെ ദുബായ് മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള വൻ പദ്ധതിക്ക് ഭരണകൂടം അംഗീകാരം നൽകി. എക്സ്പോ സിറ്റിയിൽനിന്ന് വിമാനത്താവളത്തിലേക്ക് മെട്രോയുടെ റൂട്ട് 2020 നീട്ടുന്നതിന് ഏകദേശം 200 കോടി ദിർഹമാണ് ചെലവഴിക്കുക. മൂന്ന് കിലോമീറ്ററോളം നീളമുള്ള പുതിയ പാതയിൽ രണ്ട് സ്റ്റേഷനുകളുണ്ടാകും. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിൽ സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ബസുകൾ എന്നിവയെ മാത്രം ആശ്രയിച്ച് എത്തിച്ചേരാൻ കഴിയുന്ന വിമാനത്താവളത്തിലേക്ക് മെട്രോ വഴിയും യാത്ര സാധ്യമാകും. പുതിയ സ്റ്റേഷൻ വിമാനത്താവളത്തിന്റെ ഭാവിയിലെ വെസ്റ്റ് ടെർമിനലുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വിവിധ ഭാഗങ്ങളിൽനിന്ന് എത്ര സമയമെടുക്കും?

പുതിയ പാതയുടെ ദൈർഘ്യവും നിലവിലെ മെട്രോ യാത്രാസമയവും അടിസ്ഥാനമാക്കി നടത്തിയ പ്രാഥമിക കണക്കുകൂട്ടലുകൾ പ്രകാരം:

  • ദുബായ് മറീനയിൽനിന്ന്: 25–30 മിനിറ്റ്.
  • ഡൗൺടൗൺ ദുബായിൽനിന്ന്: 40–50 മിനിറ്റ്.
  • ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) ടെർമിനൽ 3-ൽനിന്ന്: ഒരു മണിക്കൂറിലധികം.

എക്സ്പോ 2020 സ്റ്റേഷനിൽനിന്ന് പുതിയ വിമാനത്താവള പാതയിലേക്ക് ഏകദേശം 5–8 മിനിറ്റ് അധിക യാത്രാസമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ട്രെയിൻ മാറിക്കയറാതെ റെഡ് ലൈൻ വഴി നേരിട്ട് വിമാനത്താവളത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഔദ്യോഗിക യാത്രാസമയവും സമയക്രമവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഗതാഗതക്കുരുക്കില്ലാത്ത സമയങ്ങളിൽ റോഡ് മാർഗം ദുബായ് മറീനയിൽനിന്ന് വിമാനത്താവളത്തിലെത്താൻ ഏകദേശം 38 മിനിറ്റും ഡൗൺടൗണിൽനിന്ന് 50 മിനിറ്റും DXB-യിൽനിന്ന് 70 മിനിറ്റുമാണ് വേണ്ടിവരുന്നത്. തിരക്കേറിയ സമയങ്ങളിൽ മെട്രോ യാത്ര കൂടുതൽ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

ഇതിനുപുറമെ ദുബായിൽ രണ്ട് വമ്പൻ മെട്രോ പദ്ധതികൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  • ഗോൾഡ് ലൈൻ: അൽ ഗുബൈബ മുതൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് വരെ 42 കിലോമീറ്റർ നീളത്തിൽ 18 ഭൂഗർഭ സ്റ്റേഷനുകളോടെ നിർമിക്കുന്ന പദ്ധതി 2032-ൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
  • എയർപോർട്ട് എക്സ്പ്രസ് ലൈൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും അൽ മക്തൂം വിമാനത്താവളത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന പ്രത്യേക അതിവേഗ മെട്രോ പാതയും അധികൃതർ പഠിച്ചുവരികയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version