
വേനൽക്കാല അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്ന നൂറുകണക്കിന് യുഎഇ പ്രവാസികൾ, പ്രത്യേകിച്ച് അധ്യാപകരും കുടുംബങ്ങളും വലിയ പ്രതിസന്ധിയിൽ. ഒമാൻ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ സലാം എയറിലെ ടിക്കറ്റ് ബുക്കിംഗ് തകരാറാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ജൂലൈ 5-ന് യാത്ര ചെയ്യാൻ മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. ദുബായിൽ നിന്ന് മസ്കറ്റ് വഴി കോഴിക്കോട്ടേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകളുടെ സമയത്തിൽ വന്ന മാറ്റമാണ് പ്രശ്നങ്ങൾക്ക് തുടക്കം. യാത്രക്കാർ മസ്കറ്റിൽ എത്തുന്നതിന് മുൻപേ തന്നെ കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടും വിധമാണ് പുതിയ സമയക്രമം. ഇതോടെ ടിക്കറ്റുകൾ ഉപയോഗശൂന്യമായി.
ഏപ്രിൽ മാസത്തിൽ സലാം എയർ പ്രഖ്യാപിച്ച ‘ഫ്ലാഷ് സെയിൽ’ ഓഫറിൽ 350 ദിർഹം മുതൽക്ക് ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഈ കുറഞ്ഞ നിരക്ക് കണ്ട് അദ്ധ്യാപകരും സാധാരണക്കാരായ പ്രവാസികളും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയത് കുടുംബങ്ങളുടെ യാത്രയെ താളംതെറ്റിച്ചു.
വിമാന കമ്പനിയോ ഓൺലൈൻ ട്രാവൽ പോർട്ടലുകളോ കൃത്യമായ വിവരം നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. നിലവിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ, പണം തിരികെ ലഭിച്ചാലും (അതും സർവീസ് ചാർജ് കുറച്ചാണ് നൽകുന്നത്) പുതിയ ടിക്കറ്റുകൾ എടുക്കാൻ ഇവർക്ക് കഴിയാത്ത അവസ്ഥയാണ്. പല ട്രാവൽ പോർട്ടലുകളും എയർലൈൻ വരുത്തിയ മാറ്റമാണെന്ന് പറഞ്ഞ് കൈയൊഴിയുമ്പോൾ, എയർലൈൻ അധികൃതർ ട്രാവൽ പോർട്ടലുകളെ പഴിചാരുന്നു.
ഗർഭിണികളും അടിയന്തര ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടവരുമുൾപ്പെടെയുള്ളവർ ഇതോടെ വലിയ ദുരിതത്തിലാണ്. അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് യാത്രക്കാർ. ഓതറൈസ്ഡ് ഏജൻസികൾ വഴിയോ നേരിട്ടോ ടിക്കറ്റ് എടുക്കുന്നതാണ് ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ നല്ലതെന്ന് വിമാനയാത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t