എന്തുകൊണ്ടാണ് പ്രവാസികളുടെ പ്രിയരാജ്യമായി യുഎഇ മാറിയത്? ഭൂരിഭാഗം പേരുടെയും മറുപടി ഇതാണ്


യുഎഇയിലെ പ്രവാസികളുടെ മുൻഗണനകളിൽ വലിയ മാറ്റമുണ്ടായതായി ‘യുഎഇ എക്സ്പാറ്റ്സ് മോണിറ്റർ’ സർവേ വ്യക്തമാക്കുന്നു. ആർസെറ്റ് ഗ്ലോബലും ക്വസ്റ്റ്യൻ പ്രോയും സംയുക്തമായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നത്. ഒരുകാലത്ത് യുഎഇയുടെ ഏറ്റവും വലിയ ആകർഷണമായി കണക്കാക്കിയിരുന്ന ‘നികുതി രഹിത വരുമാനം’ ഇപ്പോൾ പ്രവാസികളുടെ മുൻഗണനാ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. തൊഴിൽ അവസരങ്ങളും ഉയർന്ന ജീവിതനിലവാരവുമാണ് ഇപ്പോൾ പ്രവാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായി മാറിയിരിക്കുന്നത്.

സർവേയിൽ പങ്കെടുത്തവരിൽ 88 ശതമാനം പേരും യുഎഇയിലെ മികച്ച ജീവിതസാഹചര്യങ്ങളെയാണ് ഒന്നാം സ്ഥാനത്ത് പരിഗണിച്ചത്. അതേസമയം, കുറ്റകൃത്യങ്ങൾ കുറഞ്ഞ സുരക്ഷിതമായ അന്തരീക്ഷം 87 ശതമാനം പേരെ രാജ്യത്തേക്ക് ആകർഷിക്കുന്ന പ്രധാന കാരണമായി.

മാതൃരാജ്യങ്ങളിലെ ഭരണകൂടങ്ങളേക്കാൾ യുഎഇയുടെ നേതൃത്വത്തിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. ഏഴ് വർഷത്തിലധികമായി രാജ്യത്ത് താമസിക്കുന്നവരിൽ 75 ശതമാനത്തോളം പേർ ഈ വിശ്വാസം രേഖപ്പെടുത്തി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ നവീനവും അനുകൂലവുമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് 87 ശതമാനം പേരുടെയും പ്രതീക്ഷ. മുൻകാലങ്ങളിൽ ഉയർന്ന ശമ്പളവും നികുതിയിളവുകളും മാത്രമായിരുന്നു പ്രവാസികളെ ആകർഷിച്ചിരുന്നതെങ്കിൽ, ഇന്ന് മികച്ച ജീവിതസാഹചര്യങ്ങൾ, സുരക്ഷ, അത്യാധുനിക സേവനങ്ങൾ എന്നിവയാണ് കുടുംബങ്ങളെ ദീർഘകാലം യുഎഇയിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി നടത്തിയ സർവേയിൽ വിവിധ മേഖലകളിൽ നിന്നുള്ള 708 പ്രവാസികളാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെ യുഎഇ ഇപ്പോഴും ശക്തമായി ആകർഷിക്കുന്നുണ്ടെന്നും വളർച്ചയ്ക്കും പുരോഗതിക്കും രാജ്യം മികച്ച അവസരങ്ങളാണ് നൽകുന്നതെന്നും ആർസെറ്റ് ഗ്ലോബൽ സി.ഇ.ഒ മാർക്ക് ഹാമിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy