
യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ചില രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിച്ചു. 14 ദിവസത്തെയും 60 ദിവസത്തെയും സന്ദർശക വിസ വിഭാഗങ്ങൾക്കാണ് പുതിയ മാറ്റങ്ങൾ ബാധകമാകുന്നത്. യാത്രാ സൗകര്യങ്ങൾ കൂടുതൽ ലളിതമാക്കുകയും സന്ദർശകർക്കായി താമസ ക്രമീകരണങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാരെയും വിസയ്ക്ക് അർഹരായവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. മുമ്പ് ഈ സൗകര്യം ഇന്ത്യൻ പൗരന്മാർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. അതേസമയം, അപേക്ഷകർക്ക് താമസാനുമതി (റെസിഡൻസ് പെർമിറ്റ്) ഉണ്ടായിരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയും വിപുലീകരിച്ചു. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നീ രാജ്യങ്ങളെയാണ് പുതുതായി അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ മാത്രമായിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്.
പുതിയ ചട്ടപ്രകാരം ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ, യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് അല്ലെങ്കിൽ കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ റെസിഡൻസ് പെർമിറ്റ് ഇവർ കൈവശം വച്ചിരിക്കണം. അപേക്ഷകർ തിരഞ്ഞെടുക്കുന്ന വിസ വിഭാഗമനുസരിച്ച് 14 ദിവസമോ 60 ദിവസമോ യുഎഇയിൽ താമസിക്കാൻ അനുമതി ലഭിക്കും. യുഎഇയിൽ കഴിയുന്ന സമയത്ത് വിസ ഒരു തവണ മാത്രം പുതുക്കാനാകും. ഇതിനായി 100 ദിർഹം ഫീസ് ഈടാക്കും. സിംഗിൾ എൻട്രി വിസയായതിനാൽ, ഒരിക്കൽ രാജ്യം വിട്ടാൽ അതേ വിസ ഉപയോഗിച്ച് വീണ്ടും പ്രവേശിക്കാൻ സാധിക്കില്ല. വിസ അനുവദിക്കുന്നതിനുള്ള ഫീസ് 250 ദിർഹമാണ്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t