യുഎഇയുടെ ആദ്യ യാത്രാ ട്രെയിൻ സർവീസിന് വൻ സ്വീകരണം; ആദ്യ ദിനം തന്നെ വിറ്റത് ആയിരത്തിലധികം ടിക്കറ്റുകൾ

യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ യാത്രാ ട്രെയിൻ സർവീസിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ ആയിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഇത്തിഹാദ് റെയിൽ അറിയിച്ചു. ആദ്യ ദിവസത്തെ ടിക്കറ്റ് വിൽപ്പന പ്രതീക്ഷകൾക്കപ്പുറമായിരുന്നുവെന്ന് ഇത്തിഹാദ് റെയിലിന്റെ കൊമേഴ്‌സ്യൽ എക്സിക്യൂട്ടീവ് ഡയറക്ടർ അദ്രാ അൽ മൻസൂരി വ്യക്തമാക്കി. യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയിലെ സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ആദ്യ യാത്രാ സർവീസ് ജൂൺ 30ന് അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കാണ് ആരംഭിക്കുന്നത്. ട്രാവൽ ഏജൻസികൾക്ക് ഒരേ പേരിൽ ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം മുതൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്കൂളുകൾ, ടൂറിസ്റ്റ് ഗ്രൂപ്പുകൾ തുടങ്ങിയവരുടെ ബുക്കിംഗുകൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കോർഡിനേഷൻ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

വിനോദയാത്രകൾ, വിദ്യാഭ്യാസ ടൂറുകൾ, വിനോദസഞ്ചാര സംഘങ്ങൾ, ജീവനക്കാരെ വിവിധ എമിറേറ്റുകളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവർക്കെല്ലാം ഈ സേവനം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അബുദാബി-ഫുജൈറ റൂട്ടിലെ പ്രാരംഭ ടിക്കറ്റ് നിരക്ക് 55 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. പരിമിത കാലയളവിലേക്കുള്ള പ്രമോഷണൽ ഓഫറായാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് സാധാരണ നിരക്ക് ഘടന നിലവിൽ വരും. മുതിർന്ന പൗരന്മാർ, കുട്ടികൾ, ശിശുക്കൾ എന്നിവർക്കുള്ള പ്രത്യേക ഇളവുകളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ്, ഷാർജ റൂട്ടുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക കിഴിവ് നിരക്കുകൾ ഭാവിയിൽ അവതരിപ്പിക്കുമെന്നും ഇത്തിഹാദ് റെയിൽ സൂചന നൽകി.
മണൽക്കാടുകളും മലനിരകളും ഉൾപ്പെടുന്ന വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയുള്ളതിനാലാണ് അബുദാബി-ഫുജൈറ റൂട്ട് ആദ്യ യാത്രാ സർവീസിനായി തെരഞ്ഞെടുത്തതെന്ന് അദ്രാ അൽ മൻസൂരി പറഞ്ഞു. മറ്റ് എമിറേറ്റുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ മുഴുവൻ യാത്രാനുഭവവും ലോജിസ്റ്റിക് സംവിധാനങ്ങളും ഈ റൂട്ടിലൂടെ വിലയിരുത്താനാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version