
യുഎഇയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാർഷിക ‘മിഡ്ഡേ വർക്ക് ബാൻ’ നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ നീളുന്ന നിയന്ത്രണപ്രകാരം, ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 3:00 വരെ തുറസായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും തൊഴിലാളികളെ ജോലി ചെയ്യിക്കാൻ അനുവദിക്കില്ല. മനുഷ്യ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) നടപ്പാക്കുന്ന ഈ നടപടി, കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിൽസ്ഥലങ്ങളിലെ ആരോഗ്യസുരക്ഷ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുക. നിയമലംഘനം കണ്ടെത്തുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. ഒരു സ്ഥാപനത്തിന് പരമാവധി 50,000 ദിർഹം വരെ പിഴ ലഭിക്കാനിടയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, പൊതുസുരക്ഷയുമായി ബന്ധപ്പെട്ട ചില അത്യാവശ്യ ജോലികൾക്കും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കാനാകാത്ത ചില പ്രവർത്തനങ്ങൾക്കും നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ ചില ഘട്ടങ്ങൾ, അടിയന്തര അറ്റകുറ്റപ്പണികൾ, ജല-വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നിയന്ത്രണ കാലയളവിൽ തൊഴിലാളികൾക്ക് തണലുള്ള വിശ്രമസ്ഥലം, കുടിവെള്ളം, ശീതീകരണ സൗകര്യങ്ങൾ, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t