
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന അന്തർദേശീയ സന്ദർശകർക്കായി പുതിയ ആനുകൂല്യം പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്. ജൂലൈ മുതൽ ഡിസംബർ 2026 വരെ ഇത്തിഹാദ് സർവീസുകളിൽ അബുദാബിയിലെത്തുന്ന അർഹരായ യാത്രക്കാർക്ക് 15 ദിവസം വരെ സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. അബുദാബി സംസ്കാര-ടൂറിസം വകുപ്പും (DCT Abu Dhabi) നാഷണൽ ഇൻഷുറൻസ് കമ്പനി ഡാമനും (Daman) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. യോഗ്യതയുള്ള യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ പരിരക്ഷ സ്വമേധയാ ലഭ്യമാകും. യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് നടത്തുന്ന വിമാനങ്ങളിൽ എത്തുന്ന അന്തർദേശീയ സന്ദർശകരാണ് പദ്ധതിക്ക് അർഹരാകുക. ഇത്തിഹാദിന്റെ സൗജന്യ സ്റ്റോപ്പോവർ പദ്ധതിയിലൂടെ അബുദാബി സന്ദർശിക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരമാവധി 15 ദിവസത്തേക്കാണ് മെഡിക്കൽ കവറേജ് ലഭിക്കുക.
അബുദാബിയെ കൂടുതൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും സന്ദർശകർക്ക് കൂടുതൽ സുരക്ഷയും ആത്മവിശ്വാസവും നൽകുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. യാത്രയുടെ തുടക്കം മുതൽ തന്നെ സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുള്ള സംയുക്ത നീക്കമാണിതെന്നും ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയിലൂടെ അബുദാബിയിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് അപ്രതീക്ഷിത ആരോഗ്യ ചെലവുകളിൽ നിന്ന് അധിക പരിരക്ഷയും ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t