
യുഎഇയിലെ റഫിൾ ലോട്ടറി ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് തയ്യബ് ഖാൻ എന്ന 26 കാരനായ നേപ്പാളി യുവാവ്. നാല് വർഷം മുൻപ് മെച്ചപ്പെട്ടൊരു ഭാവി തേടി പ്രവാസ ലോകത്തേക്ക് വണ്ടി കയറിയ തയ്യബ് ദുബായിൽ ഒരു സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയായിരുന്നു. എന്നാൽ, തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം ചേർന്ന് എടുത്ത ഭാഗ്യക്കുറിയിലൂടെ 3 കോടി ദിർഹത്തിന്റെ (78 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനമാണ് ഈ യുവാവിനെ തേടിയെത്തിയത്.
തത്സമയ നറുക്കെടുപ്പ് തയ്യബ് കണ്ടിരുന്നില്ല. മുൻപും ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുള്ളതിനാൽ ലോട്ടറി അധികൃതരിൽ നിന്നുള്ള ആദ്യ ഇമെയിൽ സന്ദേശം അദ്ദേഹം പതിവുപോലെ അവഗണിക്കുകയാണുണ്ടായത്. എന്നാൽ പിന്നീട് മെയിൽ തുറന്ന് നോക്കിയപ്പോൾ സ്ക്രീനിൽ തെളിഞ്ഞ ‘AED 30,000,000’ എന്ന അക്കങ്ങൾ കണ്ട് തയ്യബ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 2024-ന്റെ തുടക്കം മുതലായിരുന്നു ഈ ആറ് സുഹൃത്തുക്കൾ ചേർന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കി എല്ലാ ആഴ്ചയും പണം പങ്കിട്ട് ലോട്ടറി എടുത്തു തുടങ്ങിയത്.
ലഭിച്ച വൻ തുക ആറ് പേർക്കുമായി തുല്യമായി വീതിക്കും. ഇതനുസരിച്ച് ഓരോരുത്തർക്കും 60 ലക്ഷം ദിർഹം (15 കോടിയിലധികം രൂപ) വീതം സ്വന്തമാകും. തയ്യബിനെ സംബന്ധിച്ചിടത്തോളം ഒരു ജീവനക്കാരനിൽ നിന്ന് സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന ഒരു മുതലാളിയാകാനുള്ള വഴിത്തിരിവാണ് ഈ വിജയം. നാട്ടിൽ കുടുംബത്തിനായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്വപ്ന ഭവനം നിർമ്മിക്കുക എന്നതിനൊപ്പം, തന്റെ കാലങ്ങളായുള്ള രണ്ട് വലിയ ആഗ്രഹങ്ങളായ റോലക്സ് (Rolex) വാച്ചും മഹിന്ദ്ര ഥാർ (Mahindra Thar) ജീപ്പും സ്വന്തമാക്കാനും തയ്യബ് ഒരുങ്ങിക്കഴിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t