
തൊഴിലാളി നിയമന നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിനായി യുഎഇ തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങളുമായി രംഗത്തെത്തി. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) തൊഴിൽ അനുമതികളുടെ വിഭാഗങ്ങൾ 13 ആയി വിപുലീകരിച്ചതോടെ വിവിധ തൊഴിൽ മേഖലകളിലേക്കുള്ള നിയമന നടപടികൾ കൂടുതൽ ലളിതമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സംവിധാനത്തിൽ ഫുൾടൈം ജോലികൾക്ക് പുറമെ പാർട്ട് ടൈം, താൽക്കാലിക ജോലി, പ്രത്യേക ദൗത്യ ജോലികൾ, കുടുംബ വിസയിലുള്ളവർക്ക് ജോലി ചെയ്യാനുള്ള അനുമതി, സ്വകാര്യ ട്യൂഷൻ പെർമിറ്റ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർഥികൾക്കും ഫ്രീലാൻസർമാർക്കും അധിക തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യം.
യുഎഇയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് പെർമിറ്റ്, രാജ്യത്തിനകത്ത് തൊഴിൽ മാറുന്നതിനുള്ള ട്രാൻസ്ഫർ പെർമിറ്റ്, നിശ്ചിത കാലയളവിലേക്കുള്ള താൽക്കാലിക ജോലി അനുമതി തുടങ്ങിയ സേവനങ്ങളും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്. പെർമിറ്റ് അപേക്ഷകളും അനുബന്ധ നടപടിക്രമങ്ങളും കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കിയതിലൂടെ രേഖാപ്രക്രിയകൾ കുറയ്ക്കാനും നിയമന സമയം ചുരുക്കാനുമാണ് മന്ത്രാലയത്തിന്റെ ശ്രമം. തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും കൂടുതൽ സൗകര്യപ്രദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t