യുഎഇയിൽ ഇന്ധനവില കുറയുമോ? നാല് മാസത്തെ കുതിപ്പിന് പിന്നാലെ പ്രതീക്ഷയുടെ സൂചനകൾ

തുടർച്ചയായി നാല് മാസം ഇന്ധനവില ഉയർന്നതോടെ ആശങ്കയിലായിരുന്ന യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്തയുടെ സൂചനകൾ. ആഗോള എണ്ണവിപണിയിൽ വിലക്കയറ്റത്തിന്റെ വേഗം കുറയുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷ ശക്തമാകുകയാണ്. അന്താരാഷ്ട്ര എണ്ണവിലയുടെ പ്രധാന സൂചികയായ ബ്രെന്റ് ക്രൂഡ് നിലവിൽ ബാരലിന് 97 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. ഗൾഫ് മേഖലയിലെ കടൽഗതാഗത പ്രതിസന്ധികളും കപ്പൽചാനലുകളിലുണ്ടായ തടസ്സങ്ങളും കാരണം ഈ വർഷത്തിന്റെ തുടക്കത്തിൽ എണ്ണവില 110 മുതൽ 120 ഡോളർ വരെയെത്തിയിരുന്നു. അതിൽനിന്നുള്ള കുറവ് വിപണിക്ക് ആശ്വാസമാകുമ്പോഴും ഇന്ധനവില പഴയ താഴ്ന്ന നിരക്കുകളിലേക്ക് ഉടൻ തിരിച്ചെത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ജൂൺ മാസത്തിലും യുഎഇയിൽ ഇന്ധനവില വർധിച്ചിരുന്നു. നിലവിലെ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.95 ദിർഹം, സ്പെഷ്യൽ 95-ന് 3.83 ദിർഹം, ഇ-പ്ലസ് 91-ന് 3.76 ദിർഹം എന്നിങ്ങനെയാണ് വില. ഡീസലിന് മാത്രം നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ടെന്നും ലിറ്ററിന് 4.33 ദിർഹമായി വില കുറഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനച്ചെലവ് ഇപ്പോഴും ഗണ്യമായി ഉയർന്ന നിലയിലാണ്. ഫെബ്രുവരിയിൽ ലിറ്ററിന് 2.45 ദിർഹമായിരുന്ന സൂപ്പർ 98 പെട്രോളിന്റെ വില ജൂണിൽ 3.95 ദിർഹമായി ഉയർന്നു. നാല് മാസത്തിനിടെ 61 ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

60 ലിറ്റർ ടാങ്ക് ശേഷിയുള്ള ഒരു സാധാരണ വാഹനത്തിൽ ഫെബ്രുവരിയിൽ 147 ദിർഹം മതിയായിരുന്നെങ്കിൽ, നിലവിൽ അതേ അളവിൽ ഇന്ധനം നിറയ്ക്കാൻ ഏകദേശം 237 ദിർഹം ചെലവാകും. ഓരോ തവണ ടാങ്ക് നിറയ്ക്കുമ്പോഴും വാഹന ഉടമകൾക്ക് ഏകദേശം 90 ദിർഹത്തോളം അധികഭാരം വഹിക്കേണ്ട സാഹചര്യമാണുള്ളത്. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, പ്രത്യേകിച്ച് ഇറാനുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ എണ്ണവിപണിയെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്. അതിനാൽ എണ്ണവിലയിൽ പെട്ടെന്നൊരു വലിയ ഇടിവ് പ്രതീക്ഷിക്കാനാകില്ലെന്നും, ക്രമേണയുള്ള കുറവുകൾ മാത്രമായിരിക്കും വരും മാസങ്ങളിൽ കാണാനാകുകയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version