ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക! ജനപ്രിയ കീടനാശിനി ബ്രാൻഡിന്റെ രണ്ട് ഉൽപന്നങ്ങൾ നിരോധിച്ച് അധികൃതർ

യുഎഇയിൽ വ്യാപകമായി വിൽപ്പന നടത്തിയിരുന്ന രണ്ട് കീടനാശിനി ഉൽപന്നങ്ങൾ അടിയന്തരമായി വിപണിയിൽ നിന്ന് പിൻവലിക്കാൻ അധികൃതരുടെ ഉത്തരവ്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമ, സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്.
‘ഗുഡ്‌ബൈ ഓൾ ഇൻസെക്ട്സ് മാക്സ് കിൽസ് ഇൻ വൺ സ്പ്രേ’, ‘ഗുഡ്‌ബൈ ഓൾ ഇൻസെക്ട്സ് സ്പ്രേ’ എന്നീ ഉൽപന്നങ്ങളാണ് പിൻവലിക്കാൻ നിർദേശിച്ചിരിക്കുന്നത്. നിർമ്മാതാക്കളായ എസ്‌സിഐടിആർഎ കമ്പനി, ആവശ്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഇവ വിപണിയിലെത്തിച്ചതെന്ന് അധികൃതർ കണ്ടെത്തി. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ യുഎഇയിൽ നിരോധിച്ച അപകടകരമായ രാസപദാർത്ഥം അടങ്ങിയതായി കണ്ടെത്തി. കൂടാതെ ഉൽപന്നങ്ങളിലെ സജീവ ഘടകങ്ങളുടെ അളവിലും അംഗീകൃത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിയാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ദേശീയവും അന്തർദേശീയവുമായ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

ആരോഗ്യ സുരക്ഷ മുൻനിർത്തി ഉപഭോക്താക്കൾ ഈ ഉൽപന്നങ്ങളുടെ ഉപയോഗം ഉടൻ നിർത്തണമെന്നും, വിൽപ്പന, വിതരണം, സംഭരണം എന്നിവയിൽ ഏർപ്പെടരുതെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് നിർദേശിച്ചു. രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉൽപന്നങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഉൽപന്നങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണവും നിയമനടപടികളും തുടരുമെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version