
യുഎഇയിലെ ജനജീവിതത്തെയും തൊഴിൽ, സാമ്പത്തിക മേഖലകളെയും നേരിട്ട് ബാധിക്കുന്ന അഞ്ച് പ്രധാന നിയമ-നയപരിഷ്കാരങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. തൊഴിലാളികളുടെ ശമ്പളസുരക്ഷ മുതൽ ബാങ്കിങ് സേവനങ്ങൾ, പാർക്കിങ് സംവിധാനം, യുവാക്കളുടെ സാമ്പത്തിക അവകാശങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്ന മാറ്റങ്ങളാണ് നടപ്പിലാകുന്നത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള പുതിയ ശമ്പളസുരക്ഷാ നിയമമാണ്. നിലവിലുണ്ടായിരുന്ന 15 ദിവസത്തെ ഇളവ് ഒഴിവാക്കി, ഓരോ മാസത്തെയും ശമ്പളം അടുത്ത മാസത്തിന്റെ ഒന്നാം തീയതിക്കോ അതിന് മുമ്പോ നൽകേണ്ടത് നിർബന്ധമാക്കി. ശമ്പളം വൈകിയാൽ രണ്ടാം ദിവസം മുതൽ തന്നെ മുന്നറിയിപ്പ് നടപടികൾ ആരംഭിക്കും. കൂടുതൽ വൈകുന്ന സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും.
സാമ്പത്തിക-വാണിജ്യ ഇടപാടുകൾക്കുള്ള നിയമപരമായ പ്രായപരിധിയും 21ൽ നിന്ന് 18 വയസാക്കി കുറച്ചു. ഇതോടെ 18 വയസ്സ് തികഞ്ഞ യുവാക്കൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാമ്പത്തിക കരാറുകളിൽ ഏർപ്പെടാനും ബിസിനസ് ആരംഭിക്കാനും സാധിക്കും. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി യുഎഇയിലെ പ്രമുഖ ബാങ്കുകൾ വാട്സ്ആപ്പ് വഴിയുള്ള ഒടിപി (OTP) സേവനം അവസാനിപ്പിക്കും. ഇനി മുതൽ ഒടിപികൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴിയോ ബാങ്കിങ് ആപ്പുകൾ വഴിയോ മാത്രമേ ലഭ്യമാകൂ. ദുബായിൽ പൊതു പാർക്കിങ് ഫീസിനും സാലിക് റോഡ് ടോളിനും അഞ്ച് ശതമാനം വാറ്റ് ബാധകമാകും. ഇതോടൊപ്പം പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കി മൊബൈൽ ആപ്പുകൾ, എസ്എംഎസ്, ക്യുആർ കോഡ് എന്നിവ അടിസ്ഥാനമാക്കിയുള്ള പൂർണ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ഭരണ-സാമ്പത്തിക സംവിധാനങ്ങൾ കൂടുതൽ സുതാര്യവും സാങ്കേതിക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് പ്രവാസികൾക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും യുവ സംരംഭകർക്കും ഈ മാറ്റങ്ങൾ നേരിട്ട് സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t