
ദുബായ്: യുഎഇ ദിർഹത്തിന് ഇനി ആഗോളതലത്തിൽ പുതിയൊരു ഡിജിറ്റൽ മുഖം വരുന്നു. ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം ഉടൻ തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും കീബോർഡുകളിൽ ലഭ്യമാകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. കറൻസിയുടെ സുസ്ഥിരതയും യുഎഇ ദേശീയ പതാകയുടെ പ്രാധാന്യവും ഒത്തുചേരുന്ന രീതിയിൽ യുഎഇ സെൻട്രൽ ബാങ്കാണ് ഈ പുതിയ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോള ഡിജിറ്റൽ പ്രതീകങ്ങളും ചിഹ്നങ്ങളും നിശ്ചയിക്കുന്ന യൂണികോഡ് കൺസോർഷ്യത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽ ദിർഹത്തിന്റെ പുതിയ ചിഹ്നം ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ യുഎഇ കറൻസിയുടെ സാന്നിധ്യവും വ്യക്തിത്വവും കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ പുതിയ മാറ്റത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. കറൻസിക്ക് മാത്രമായി ഒരു ചിഹ്നം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് യുഎഇ സെൻട്രൽ ബാങ്ക് യൂണികോഡിന് ഔദ്യോഗികമായി അപേക്ഷ നൽകിയത്. കീബോർഡുകളിലെ ആറാം നമ്പർ കീയിൽ ദിർഹം ചിഹ്നം എങ്ങനെ ഉൾപ്പെടുത്താമെന്നത് സംബന്ധിച്ച കൃത്യമായ സ്റ്റൈൽ മാർഗ്ഗനിർദ്ദേശങ്ങളും സെൻട്രൽ ബാങ്ക് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
നിലവിൽ പുറത്തിറക്കിയ ബീറ്റ പതിപ്പിന്മേൽ ജൂലൈ ആദ്യവാരം വരെ പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും ഫീഡ്‌ബാക്ക് സ്വീകരിക്കും. ഇതിന് ശേഷം വരുന്ന സെപ്റ്റംബറോടെ പുതിയ യൂണികോഡ് പതിപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്ക്രീനുകളിൽ യുഎഇ ദിർഹത്തിന്റെ പുതിയ ചിഹ്നം തെളിഞ്ഞു തുടങ്ങും. പ്രവാസികൾക്കും ബിസിനസ്സ് മേഖലയിലുള്ളവർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നായിരിക്കും ഈ മാറ്റം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t