യുഎഇയിൽ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയ്ക്ക് ‘ഓണർ വാക്ക്’ ആദരം; അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി

ദുബൈ: മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി ഒരു കുടുംബം. സന്ദർശക വിസയിൽ ദുബൈയിൽ മകളോടൊപ്പം താമസിക്കുകയായിരുന്ന തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാവീട് വെള്ളറ വീട്ടിൽ പരേതനായ ജോസ്മോൻറെ ഭാര്യ ജെസീന്ത (63)യുടെ അവയവങ്ങളാണ് ദാനം ചെയ്തത്. യു.എ.ഇ, സൗദി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ മുൻപും നിരവധി മലയാളികൾ അവയവദാനം നടത്തിയിട്ടുണ്ടെങ്കിലും, സന്ദർശക വിസയിലെത്തിയ ഒരു മലയാളി പ്രവാസി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമായാണ്.

ഭർത്താവിൻറെ വിയോഗത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലും ദുബൈയിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു ജെസീന്ത. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുഴഞ്ഞുവീണ ഇവരെ ഉടൻ തന്നെ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മക്കളായ ബ്രിറ്റി, ബ്രിട്ടോ (കാനഡ), മരുമക്കൾ സോബി (ദുബൈ), ആൻസി (കാനഡ) എന്നിവർ അവയവ ദാനത്തിന് മുന്നോട്ട് വരികയും സമ്മതപത്രം നൽകുകയുമായിരുന്നു. ജെസീന്തയുടെ അവയവങ്ങൾ യു.എ.ഇയിൽ അവയവമാറ്റ ശസ്ത്രക്രിയ കാത്തുനിന്ന രണ്ട് പേർക്കാണ് പുതുജീവിതം സമ്മാനിച്ചത്. ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളും നൽകിയാണ് ഇവർ ലോകത്തോട് വിടപറഞ്ഞത്.

അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ ശേഷം ജെസീന്തയെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ദുബൈ കിങ്സ് കോളജ് ലണ്ടൻ ആശുപത്രി അത്യപൂർവവും വൈകാരികവുമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. ‘ഓണർ വാക്ക്’ (Honor Walk) എന്നറിയപ്പെടുന്ന ആദരമർപ്പിക്കലായിരുന്നു അത്.

മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുമ്പോൾ, ആ ദാതാവിനോടും അവരുടെ കുടുംബത്തിൻറെ വലിയ മനസ്സിനോടും ഉള്ള ആദരസൂചകമായി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും ചേർന്ന് നടനാപ്പാതയുടെ ഇരുവശങ്ങളിലും അണിനിരന്ന് നൽകുന്ന പ്രത്യേക ചടങ്ങാണിത്.

അവയവദാന പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം ജെസീന്തയുടെ ഭൗതിക ദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി കാവീട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. മൂന്ന് വർഷം മുൻപായിരുന്നു ജെസീന്തയുടെ ഭർത്താവ് ജോസ്മോൻ മരണപ്പെട്ടത്.

യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിൻറെ കീഴിലുള്ള ‘ഹയാത്ത്’ (Hayat) എന്ന ദേശീയ പദ്ധതി വഴിയാണ് ഈ അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിച്ചത്. ഏതൊരു യു.എ.ഇ താമസക്കാരനും ‘ഹയാത്ത്’ ആപ്പിലോ വെബ്‌സൈറ്റിലോ മുൻകൂട്ടി അവയവദാനത്തിനായി റജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version