
ദുബായ്: ജനവാസ മേഖലകളിൽ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കും വലിയ ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർക്കുമെതിരെ ദുബായ് പൊലീസ് നടപടി കടുപ്പിച്ചു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഊദ് അൽ മുതീന പ്രദേശത്ത് റോഡിൽ ടയറുകൾ ഉരസി വലിയ ശബ്ദമുണ്ടാക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത ഒരു വാഹനം ട്രാഫിക് പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി എൻജിൻ പരിഷ്കരിച്ച് സൈലൻസറിൽ നിന്ന് വലിയ ശബ്ദം പുറപ്പെടുവിച്ചാണ് ഇയാൾ വണ്ടിയോടിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ ഡ്രൈവർ കുറ്റം സമ്മതിച്ചതിനെ തുടർന്ന് വാഹനം കണ്ടുകെട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
വാഹനങ്ങളിൽ വരുത്തുന്ന ഇത്തരം അശാസ്ത്രീയമായ മാറ്റങ്ങളും റോഡിലെ അഭ്യാസപ്രകടനങ്ങളും വെറുമൊരു ട്രാഫിക് ലംഘനമല്ല, മറിച്ച് കമ്മ്യൂണിറ്റിയുടെ സമാധാനം തകർക്കുന്ന കുറ്റകൃത്യമാണെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഈസാം ഇബ്രാഹിം അൽ അവാർ പറഞ്ഞു. ഇത്തരം അനാവശ്യ ശബ്ദങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും രോഗികൾക്കും വലിയ രീതിയിൽ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ലെ 30-ാം നമ്പർ നിയമപ്രകാരം, ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനങ്ങൾ തിരികെ ലഭിക്കണമെങ്കിൽ 50,000 ദിർഹം (ഏകദേശം 11.3 ലക്ഷം രൂപ) വരെ പിഴയൊടുക്കേണ്ടി വരും.
നിയമലംഘകരെ പിടികൂടാൻ ജനവാസ മേഖലകളിൽ സ്മാർട്ട് ക്യാമറ നിരീക്ഷണവും ഫീൽഡ് പട്രോളിങ്ങും ദുബായ് പൊലീസ് ശക്തമാക്കിയിട്ടുണ്ട്. റോഡുകളിലെ അപകടകരമായ ഡ്രൈവിങ്ങോ ശബ്ദമലിനീകരണമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ദുബായ് പൊലീസ് ആപ്പിലെ ‘Police Eye’ അല്ലെങ്കിൽ ‘We Are All Police’ എന്നീ ഫീച്ചറുകൾ വഴിയോ, 901 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t