
ആഡംബര വാച്ച് ലോകത്തെ പ്രമുഖ ബ്രാൻഡുകളായ ഓഡെമർസ് പിഗ്വെറ്റും (AP) സ്വാച്ചും ചേർന്ന് പുറത്തിറക്കാനിരുന്ന ലിമിറ്റഡ് എഡിഷൻ വാച്ചുകളുടെ ലോഞ്ച് ദുബൈയിൽ വൻ ജനത്തിരക്കിനെ തുടർന്ന് റദ്ദാക്കി. ‘റോയൽ പോപ്പ്’ എന്ന പ്രത്യേക കളക്ഷനിലെ അപൂർവ്വ പോക്കറ്റ് വാച്ചുകൾ സ്വന്തമാക്കാനായി നൂറുകണക്കിന് ആളുകളാണ് ദുബൈ മാളിൽ എത്തിയത്. എന്നാൽ സുരക്ഷാ ആശങ്കകൾ ഉയർന്നതോടെ അധികൃതർ അവസാന നിമിഷം പരിപാടി നിർത്തിവെക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ആളുകൾ വാച്ച് വാങ്ങാനായി നീണ്ട നിരയിൽ കാത്തുനിന്നിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ തിരക്ക് നിയന്ത്രണാതീതമായതോടെ ചിലർ ക്യൂ മറികടന്ന് മാളിലേക്ക് കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സ്ഥിതി വഷളായതോടെ ദുബൈ മാളിലെയും മാൾ ഓഫ് ദി എമിറേറ്റ്സിലെയും സ്വാച്ച് സ്റ്റോറുകൾ പൊതുസുരക്ഷ കണക്കിലെടുത്ത് ലോഞ്ച് പരിപാടികൾ റദ്ദാക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു. ഓഡെമർസ് പിഗ്വെറ്റിന്റെ ഐക്കോണിക് ‘റോയൽ ഓക്ക്’ ഡിസൈനും സ്വാച്ചിന്റെ പോപ്പ് സ്റ്റൈൽ ശൈലിയും സംയോജിപ്പിച്ച പ്രത്യേക പതിപ്പാണ് ഈ വാച്ചുകൾ. സാധാരണയായി ലക്ഷക്കണക്കിന് ദിർഹം വില വരുന്ന എപി വാച്ചിന്റെ പ്രത്യേക പതിപ്പ് 2,000 ദിർഹത്തിൽ താഴെ ലഭ്യമാകുമെന്ന പ്രഖ്യാപനമാണ് വൻ ആവേശത്തിന് കാരണമായത്. വാച്ചുകൾ വാങ്ങി ഉയർന്ന വിലയ്ക്ക് വീണ്ടും വിൽക്കാനെത്തിയ റീസെല്ലർമാരും വലിയ തോതിൽ സ്ഥലത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്. ലോഞ്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ ഈ വാച്ചുകൾക്ക് 10,000 ദിർഹം വരെ വില പ്രത്യക്ഷപ്പെട്ടിരുന്നു.
ആഡംബര ബ്രാൻഡുകളെ സാധാരണ ഉപഭോക്താക്കൾക്കു സമീപിപ്പിച്ച നീക്കത്തെ വാച്ച് പ്രേമികൾ ആവേശത്തോടെ സ്വീകരിച്ചെങ്കിലും, ഉയർന്ന വില നൽകി ഒറിജിനൽ മോഡലുകൾ സ്വന്തമാക്കിയ ചില സ്ഥിരം ഉപഭോക്താക്കൾ അതൃപ്തി രേഖപ്പെടുത്തി. ദുബൈയ്ക്ക് പുറമെ ഇന്ത്യയിലെയും ചില നഗരങ്ങളിൽ സമാന സാഹചര്യം ഉണ്ടായി. മുംബൈയിലെ പല്ലേഡിയം മാളിലും ഡൽഹിയിലെ ഡിഎൽഎഫ് അവന്യൂവിലും അനിയന്ത്രിത തിരക്ക് കാരണം ലോഞ്ച് പരിപാടികൾ റദ്ദാക്കേണ്ടിവന്നു. അതേസമയം, സിംഗപ്പൂരിൽ മണിക്കൂറുകളോളം കാത്തുനിന്ന് ആളുകൾ വാച്ചുകൾ സ്വന്തമാക്കിയതായും ഏതാനും മണിക്കൂറുകൾക്കകം സ്റ്റോക്ക് വിറ്റുതീർന്നതായും റിപ്പോർട്ടുകളുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t