‘രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും ശക്തമായി നേരിടും’; യുഎഇ പ്രസിഡന്റ്

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. സായുധ സേനാ ഏകീകരണത്തിന്റെ 50-ാം വാർഷിക വേളയിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ കരുത്തുറ്റ നിലപാട് ആവർത്തിച്ചത്. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണങ്ങളെ ധീരതയോടെ പ്രതിരോധിച്ച സൈന്യത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

1976 മേയ് 6-ന് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദും മറ്റ് ഭരണാധികാരികളും ചേർന്ന് എടുത്ത സായുധ സേനാ ഏകീകരണ തീരുമാനം ചരിത്രപരമായ ദീർഘവീക്ഷണമായിരുന്നുവെന്ന് പ്രസിഡന്റ് അനുസ്മരിച്ചു. രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്ന കവചമായി സൈന്യത്തെ നിലനിർത്തുന്നതിന് പ്രതിരോധ ശേഷി വർധിപ്പിക്കുന്നത് യുഎഇയുടെ തന്ത്രപരമായ മുൻഗണനയായി തുടരും. ആധുനിക പ്രതിരോധ വ്യവസായത്തിലൂടെ വെല്ലുവിളികളെ നേരിടാൻ രാജ്യം ഇന്ന് സജ്ജമാണ്.

സ്വന്തം ജനതയുടെയും ലോകത്തിന്റെയും ഐശ്വര്യമാണ് യുഎഇ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാജ്യത്തിനായി ത്യാഗം സഹിച്ച സൈനികരുടെ ഓർമ്മകളെ ആദരവോടെ നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംകാലങ്ങളിലും സുസ്ഥിരമായ വികസനവും സുരക്ഷയും ഉറപ്പാക്കാൻ സായുധ സേനയും സമൂഹത്തിന്റെ ഐക്യവും യുഎഇയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version