ഇനി ആകാശത്തുകൂടിയും ഭൂമിക്കടിയിലൂടെയും പറക്കാം; അത്യാധുനിക സൗകര്യങ്ങളുമായി ദുബായ് മെട്രോ ‘ബ്ലൂ ലൈൻ’ ഡിസൈൻ പുറത്ത്

ദുബായിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മെട്രോ ബ്ലൂ ലൈനിന്റെ പുതിയ ഡിസൈനുകൾ പുറത്തുവിട്ടു. 20.5 ബില്യൺ ദിർഹം ചിലവഴിച്ചുള്ള ഈ ബൃഹത്തായ പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും ഡിസൈൻ അവലോകനവും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവ്വഹിച്ചു. 30 കിലോമീറ്റർ നീളത്തിലുള്ള ഈ പാതയിൽ 14 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിൽ ഏഴ് എണ്ണം ആകാശപ്പാതയിലും നാല് എണ്ണം ഭൂമിക്കടിയിലുമാണ് സജ്ജീകരിക്കുന്നത്. കൂടാതെ മൂന്ന് പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമാണ്.

ദുബായ് ക്രീക്ക് ഹാർബറിലെ ഇമാർ പ്രോപ്പർട്ടീസ് സ്റ്റേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറും. ബുർജ് ഖലീഫയുടെ രൂപകല്പന നിർവ്വഹിച്ച പ്രശസ്തരായ സ്കിഡ്മോർ, ഓവിംഗ്സ് & മെറിൽ ആണ് 74 മീറ്റർ ഉയരമുള്ള ഈ സ്റ്റേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റർനാഷണൽ സിറ്റി ഒന്നിലാണ് ദുബായ് മെട്രോ ശൃംഖലയിലെ ഏറ്റവും വലിയ ഭൂഗർഭ സ്റ്റേഷൻ വരുന്നത്. 44,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ സ്റ്റേഷന് പ്രതിദിനം 3.5 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. പ്രകൃതിദത്തമായ വായു, ജലം, ഭൂമി, അഗ്നി എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകളുടെ ഉൾവശം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഗ്രീൻ ലൈൻ ക്രീക്ക് സ്റ്റേഷനിൽ തുടങ്ങി അക്കാദമിക് സിറ്റി വരെയുള്ള റൂട്ടിലും, റെഡ് ലൈൻ സെന്റർപോയിന്റ് സ്റ്റേഷനിൽ തുടങ്ങി മിർദിഫ്, അൽ വർഖ വഴി ഇന്റർനാഷണൽ സിറ്റി ഒന്നിലേക്കുള്ള റൂട്ടിലുമായി ബ്ലൂ ലൈൻ സർവീസ് നടത്തും. 2040-ഓടെ പത്ത് ലക്ഷത്തോളം ജനങ്ങൾക്ക് ഈ മെട്രോ ലൈൻ വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആധുനികതയും പ്രകൃതിയും ഒത്തുചേരുന്ന രീതിയിൽ നിർമ്മിക്കുന്ന ഈ പാത ദുബായിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച യാത്രാനുഭവമായിരിക്കും സമ്മാനിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy