
ആരോഗ്യ മേഖലയിലെ ജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും വലിയ ആശ്വാസമാകുന്ന പുതിയ ലൈസൻസിങ് പരിഷ്കാരം പ്രഖ്യാപിച്ചു ആരോഗ്യ-പ്രതിരോധ മന്ത്രാലയം . ചില വിഭാഗങ്ങളിൽപ്പെട്ട നഴ്സിങ്, അനുബന്ധ ആരോഗ്യ ബിരുദധാരികൾക്ക് ലൈസൻസ് നേടാൻ ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം നിർബന്ധമല്ലെന്ന് മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
ഇളവ് ലഭിക്കുന്ന വിഭാഗങ്ങൾ
റജിസ്റ്റേഡ് നഴ്സുമാർ, അസിസ്റ്റന്റ് നഴ്സുമാർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർ, റെസ്പിറേറ്ററി കെയർ ടെക്നീഷ്യൻമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവർക്കാണ് പുതിയ ഇളവ് ബാധകമാകുന്നത്. യുഎഇയിൽ പഠിച്ചിറങ്ങിയവർക്കും വിദേശത്തുനിന്ന് ബിരുദം നേടിയവർക്കും ഈ ആനുകൂല്യം ലഭിക്കും.
അധ്യാപകർക്കും ചികിത്സയ്ക്ക് അനുമതി
മെഡിക്കൽ കോളജുകളിലെ അധ്യാപകർക്കും പുതിയ മാറ്റം ബാധകമാണ്. മെഡിക്കൽ ഫാക്കൽറ്റി അംഗങ്ങൾക്ക് ഇനി ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് ചികിത്സാ പ്രാക്ടീസ് നടത്താൻ അനുമതി നൽകും. അവരുടെ അധ്യാപന സമയം പ്രഫഷണൽ ഡെവലപ്മെന്റ് (CPD) ക്രെഡിറ്റായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു. അക്കാദമിക് രംഗത്തെ വൈദഗ്ധ്യം ചികിത്സാ രംഗത്തും ഉപയോഗപ്പെടുത്താനാണ് ഈ നീക്കം.
മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ആരോഗ്യ മേഖലയിലെ സേവനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം സഹകരിച്ചാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ലൈസൻസിങ് നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരിൽ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു