
അബുദാബിയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നിഷ്പ്രഭമാക്കി യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം അജയ്യത തെളിയിക്കുന്നു. ഇന്ന് മാത്രം വിക്ഷേപിക്കപ്പെട്ട 20 ബാലിസ്റ്റിക് മിസൈലുകളെയും 37 ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടിവച്ചിട്ട സൈന്യം രാജ്യത്തിന് സുരക്ഷാ കവചമൊരുക്കി. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 398 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,872 ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന ആക്രമണങ്ങളിൽ ഇതിനകം 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. ദേശീയ സേവനത്തിനിടെ വീരമൃത്യു വരിച്ച രണ്ട് യുഎഇ സൈനികരും ഒരു മൊറോക്കൻ കരാർ തൊഴിലാളിയും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ട് സാധാരണക്കാരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 178 ആയി ഉയർന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 29 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. അബുദാബിയിലെ കെസാദ് പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ മാത്രം ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
യുഎഇയുടെ സാമ്പത്തിക ഭദ്രതയെയും ജനജീവിതത്തെയും ബാധിക്കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നത്. വിമാനത്താവളങ്ങൾ, ഏവിയേഷൻ അടിസ്ഥാന സൗകര്യങ്ങൾ, ഇന്ധന സംഭരണ ശാലകൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ നിരന്തരം ആക്രമണ ശ്രമങ്ങളുണ്ടാകുന്നു. കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കത്തെ ‘സാമ്പത്തിക ഭീകരത’ എന്നാണ് യുഎഇ വിശേഷിപ്പിച്ചത്. ഇത് ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ മുന്നറിയിപ്പ് നൽകി.
യുദ്ധത്തിന് താല്പര്യമില്ലെങ്കിലും രാജ്യത്തിന് നേരെയുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് യുഎഇ. അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥത വഹിച്ച് യുദ്ധം ഒഴിവാക്കാൻ യുഎഇ മുൻകൈ എടുത്തിരുന്നു. സ്വന്തം മണ്ണ് ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തിയിട്ടില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും രാജ്യം ആവർത്തിച്ചു. ഇറാന്റെ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാസാക്കി. 136 രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ചു.
യുദ്ധസാഹചര്യത്തിലും യുഎഇയിലെ ദൈനംദിന ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്കൂളുകളിൽ ഫേസ്ഡ് ലേണിംഗ് രീതിയും ഡിസ്റ്റൻസ് ലേണിംഗും ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കി. വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സങ്ങളില്ലാതെ തുടരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂട്ടത്തോടെയുള്ള ഒഴിപ്പിക്കൽ തുടങ്ങിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt