
അബുദാബി/ദുബായ്: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ആവേശത്തിൽ യുഎഇയിലെ ഏഴ് എമിറേറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 19 മുതൽ 22 വരെ നീളുന്ന അവധി ദിനങ്ങൾ ആഘോഷമാക്കാൻ രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കുടുംബങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ
പെരുന്നാൾ തിരക്ക് നിയന്ത്രിക്കുന്നതിനും കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനുമായി ദുബായിലെ പ്രധാന പൊതു ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ജുമൈറ 1, 2, 3, ഉമ്മു സുഖീം 1, 2 എന്നീ ബീച്ചുകളിലാണ് ഈ നിയന്ത്രണം. മുഷ്‌രിഫ്, അൽ മംസാർ, സബീൽ പാർക്കുകളിൽ ‘സീസൺ ഓഫ് വുൾഫ’യുടെ ഭാഗമായി തത്സമയ കലാപ്രകടനങ്ങളും മത്സരങ്ങളും നടക്കും. എക്സ്പോ സിറ്റിയിലും പ്രത്യേക ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.
എമിറേറ്റുകളിലെ പ്രധാന ആകർഷണങ്ങൾ
അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവലും അൽ ഐനിലെ ‘ഗൈത അൽ ഐൻ’ മേളയുമാണ് പ്രധാന ആകർഷണങ്ങൾ.
ഷാർജ: പൈതൃകവും ആധുനികതയും കോർത്തിണക്കിയുള്ള റമസാൻ ഫെസ്റ്റിവൽ പെരുന്നാൾ ദിനങ്ങളിലും തുടരും.
റാസൽഖൈമ & ഫുജൈറ: സാഹസിക പ്രിയർക്കായി ജബൽ ജൈസിലെ സിപ്പ് ലൈനും പ്രകൃതിഭംഗി ആസ്വദിക്കാൻ അൽ അഖ ബീച്ചുകളും സജ്ജമാണ്.
കർശന പരിശോധനയും ശുചിത്വവും
ആഘോഷവേളയിൽ പൊതുജനാരോഗ്യം ഉറപ്പാക്കാൻ ഭക്ഷണശാലകളിലും ബ്യൂട്ടി പാർലറുകളിലും മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി. നഗരം വൃത്തിയാക്കാൻ 2,800-ഓളം ശുചിത്വ തൊഴിലാളികളെയും അത്യാധുനിക യന്ത്രങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. പരാതികൾ അറിയിക്കാൻ 800900 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും അതീവ ജാഗ്രതയോടെയും സ്നേഹത്തോടെയുമാണ് പ്രവാസി ലോകം ഉൾപ്പെടെയുള്ള യുഎഇ സമൂഹം പെരുന്നാളിനെ വരവേൽക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt