
ദുബായ്: പ്രവാസലോകത്തെ നൊമ്പരപ്പെടുത്തി ദുബായിൽ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ-ജെയിൻ ദമ്പതികളുടെ മൂന്നാമത്തെ മകൾ ഹന്ന റോസ് (3) ആണ് താമസസ്ഥലത്തെ അഞ്ചാം നിലയിലുള്ള ബാൽക്കണിയിൽനിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
ബാൽക്കണിയോട് ചേർന്നുള്ള സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ തറയിലെ ചില്ല് പാളി പെട്ടെന്ന് പൊട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹന്നയുടെ വിയോഗം പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ ദുഃഖമുണ്ടാക്കി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ എന്നിവരാണ് സഹോദരങ്ങൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt