പ്രവാസികൾക്ക് ആശ്വാസം; ഇൻഡിഗോ യുഎഇയിലേക്ക് പറന്നുതുടങ്ങി; മറ്റ് വിമാനക്കമ്പനികളുടെ സ്ഥിതി അറിയാം

മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു തുടങ്ങിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നു. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകശ എയർവേയ്‌സ് എന്നിവയുടെ ദുബായ് സർവീസുകൾ നിലവിൽ പൂർണ്ണതോതിൽ പുനരാരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ദുബായിലേക്ക് ഇന്ന് വിമാനങ്ങൾ ഉണ്ടായിരിക്കില്ല. അതേസമയം കോഴിക്കോട്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്കുള്ള സാധാരണ സർവീസുകളും കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള പ്രത്യേക സർവീസും എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.

ആകാശ എയറിനെ സംബന്ധിച്ചിടത്തോളം മുംബൈ-റിയാദ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും വിമാനങ്ങൾ ഉണ്ടാകും. എന്നാൽ അബുദാബി, ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ആകാശ എയറിന്റെ സർവീസുകൾ മാർച്ച് 21 വരെ ലഭ്യമാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ യാത്ര മുടങ്ങിയവർക്ക് മാർച്ച് 31 വരെ ടിക്കറ്റ് തീയതി മാറ്റാനോ റീഫണ്ടിന് അപേക്ഷിക്കാനോ അവസരമുണ്ട്. റീഫണ്ട് ആവശ്യമില്ലാത്തവർ യാത്രാ തീയതി കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റേണ്ടതാണ്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ യുഎഇ വിമാനക്കമ്പനികൾ ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേക്ക് നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലെ സ്ലോട്ടുകളുടെ ലഭ്യതയും സുരക്ഷാ സാഹചര്യവും അനുസരിച്ച് മാത്രമേ സർവീസുകളിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version