
ഫോൺ വിളികളിലൂടെയും മെസ്സേജിലൂടെയും താമസക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ (ജിഡിആർഎഫ്എ) കർശന മുന്നറിയിപ്പ് നൽകി. സർക്കാർ ഏജൻസികളുടെ പേരിൽ വ്യാജരേഖകളും മറ്റും കാണിച്ച് ജനങ്ങളെ ഭയപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുന്ന രീതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ മുൻകരുതൽ നിർദേശം നൽകിയത്. ഇത്തരം ചതിക്കുഴികളിൽ വീണ് സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
എമിറേറ്റ്സ് ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വൺ-ടൈം പാസ്‌വേഡ് (ഒടിപി) എന്നിവ സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കുമ്പോൾ ജാഗ്രത പാലിക്കണം. സൈബർ തട്ടിപ്പുകളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സേവനങ്ങൾക്കും വിവരങ്ങൾക്കുമായി ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചു. ദുബായ് നൗ ആപ്ലിക്കേഷൻ, ജിഡിആർഎഫ്എ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയയിലെ @gdrfadubai എന്ന ഔദ്യോഗിക അക്കൗണ്ടുകൾ എന്നിവയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പെരുന്നാൾ തിരക്കുകൾക്കിടയിൽ ഇത്തരം തട്ടിപ്പുകാർ സജീവമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവിടരുതെന്നും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് വഴി ഒരു പരിധി വരെ സൈബർ കുറ്റകൃത്യങ്ങളെ തടയാനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt