
ദുബായ്: മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള വ്യോമാക്രമണങ്ങളെ നേരിടാൻ ദുബായിലെ വിവിധ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ താമസക്കാർക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിശദമായ പ്ലാനാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.
അപകട സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആക്രമണ സൂചന ലഭിച്ചാൽ ഒട്ടും സമയം കളയാതെ സ്വയരക്ഷയ്ക്കുള്ള നടപടികൾ സ്വീകരിക്കണം. സൈറൺ മുഴങ്ങുമ്പോൾ ജനലുകൾ, ബാൽക്കണി എന്നിവയുടെ അടുത്തുനിന്ന് മാറി വീടിന്റെ ഏറ്റവും ഉൾഭാഗത്തെ മുറികളിലേക്ക് മാറുന്നതാണ് ഉചിതം. അടിയന്തര സാഹചര്യങ്ങളിൽ എലിവേറ്ററുകൾ ഉപയോഗിക്കരുത്. പൊട്ടിത്തെറിയുണ്ടായാൽ ചില്ലുകൾ തെറിച്ചുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ജനൽ കർട്ടനുകൾ വലിച്ചിടുക. മുറിക്കുള്ളിലാണെങ്കിൽ കനമുള്ള മേശയുടെ അടിയിൽ അഭയം തേടുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും.
പുറത്താണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
തുറസ്സായ സ്ഥലത്താണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കോ ബേസ്മെന്റിലേക്കോ മാറണം. വാഹനത്തിലാണെങ്കിൽ എത്രയും വേഗം റോഡരികിൽ പാർക്ക് ചെയ്ത് കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കുക. പെട്രോൾ പമ്പുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, തെരുവ് വിളക്കുകൾ എന്നിവയുടെ സമീപത്തുനിന്ന് മാറി നിൽക്കണം. സ്ഫോടനം നടക്കുന്നതിന്റെ തൊട്ടടുത്താണെങ്കിൽ തറയിൽ കമിഴ്ന്നു കിടക്കുക. ശബ്ദത്തിന്റെ ആഘാതം കുറയ്ക്കാൻ വായ തുറന്നു വയ്ക്കുന്നത് ഗുണകരമാകും.
ഡ്രോണുകളെ തിരിച്ചറിയാം:
ആകാശത്ത് ത്രികോണാകൃതിയിലുള്ള വസ്തുക്കൾ കണ്ടാലോ ബൈക്കിന് സമാനമായ ഇരമ്പൽ ശബ്ദം കേൾക്കുകയോ ചെയ്താൽ ജാഗ്രത പാലിക്കണം. ഡ്രോൺ ആക്രമണമാണെങ്കിൽ ഒന്നിനുപുറകെ ഒന്നായി വരാൻ സാധ്യതയുള്ളതിനാൽ ഉടൻ പുറത്തിറങ്ങരുത്. ഡ്രോൺ അല്ലെങ്കിൽ മിസൈൽ അവശിഷ്ടങ്ങൾ എവിടെയെങ്കിലും കണ്ടാൽ യാതൊരു കാരണവശാലും അവയിൽ സ്പർശിക്കരുത്.
അടിയന്തര കിറ്റ് തയ്യാറാക്കി വെക്കുക:
പെട്ടെന്നുള്ള സാഹചര്യങ്ങൾ നേരിടാൻ താഴെ പറയുന്നവ ഉൾപ്പെടുത്തി ഒരു എമർജൻസി ബാഗ് കരുതി വെക്കുന്നത് നല്ലതാണ്:
- കുടിവെള്ളവും അത്യാവശ്യം മരുന്നുകളും.
- പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും.
- ഫ്ലാഷ് ലൈറ്റ്, മൊബൈൽ പവർ ബാങ്ക്.
മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ യുഎഇ ഭരണകൂടം അതീവ ജാഗ്രതയിലാണ്. താമസക്കാർ പരിഭ്രാന്തരാകാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി
ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt