
ഷാർജയിൽ കഴിഞ്ഞ ഫെബ്രുവരി 18-ന് അന്തരിച്ച തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രന്റെ (50) മൃതദേഹം 23 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് നാട്ടിലെത്തിക്കും. അസ്വാഭാവിക മരണമായതിനാലുള്ള നിയമനടപടികളും ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കാരണം മൃതദേഹം വിട്ടുകിട്ടുന്നത് വൈകിയത് ബന്ധുക്കളിലും നാട്ടുകാരിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകളുടെ സജീവമായ ഇടപെടലുകളെത്തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു.
പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനായ വിജയചന്ദ്രൻ കഴിഞ്ഞ 15 വർഷത്തിലേറെയായി ഷാർജയിലെ പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. എട്ട് മാസം മുൻപാണ് അദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും. ശ്രീജയാണ് ഭാര്യ. പത്താം ക്ലാസ് വിദ്യാർത്ഥി അർജുൻ വിജയ്, രണ്ടാം ക്ലാസ് വിദ്യാർത്ഥി ആരുഷ് എന്നിവർ മക്കളാണ്. ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി എന്നിവർ സഹോദരങ്ങളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt