
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് മാത്രം 58 സർവീസുകൾ സംയുക്തമായി നടത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനായി 40 അധിക അഡ്‌ഹോക്ക് സർവീസുകൾക്ക് കൂടി എയർ ഇന്ത്യ അനുമതി തേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് റിയാദ്, ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ എയർലൈനുകൾ ക്രമീകരിച്ചിട്ടുണ്ട്.
സർവീസ് തടസ്സപ്പെട്ട റൂട്ടുകളിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് അധിക ചിലവില്ലാതെ തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ വാങ്ങാനോ അവസരമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വാട്സാപ്പിലെ ‘ടിയ’ എന്ന ഡിജിറ്റൽ അസിസ്റ്റന്റ് വഴിയും റീബുക്കിങ് എളുപ്പമാക്കാം. ഇത്തിഹാദ് എയർവേയ്സ് മാർച്ച് 15 വരെയുള്ള സർവീസുകളാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇത്തിഹാദിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാൽ മതിയെന്നും ഫെബ്രുവരി 28-ന് മുൻപ് ടിക്കറ്റ് എടുത്തവർക്ക് മെയ് 15 വരെയുള്ള തീയതികളിലേക്ക് സൗജന്യമായി യാത്ര മാറ്റാമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർ തങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി അവരുടെ വെബ്‌സൈറ്റുകൾ നിരന്തരം പരിശോധിക്കുന്നത് നന്നായിരിക്കും. അതോടൊപ്പം റമസാൻ തിരക്ക് മുതലെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബാങ്ക് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവെക്കരുതെന്നും എയർലൈനുകൾ മുന്നറിയിപ്പ് നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt