
മേഖലയിലെ അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിൽ എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തി. ഇറാഖിലെ കുർദിസ്ഥാനിലുള്ള യുഎഇ കോൺസുലേറ്റിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ രാജ്യം ശക്തമായി അപലപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച രണ്ട് യുഎഇ സൈനികരുടെ മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് ദ്വുഹർ നമസ്കാരത്തിന് ശേഷം നടക്കും.
അതേസമയം, ഗൾഫ് മേഖലയിലെ സംഘർഷം ആഗോള എണ്ണ വിപണിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധം തുടരുന്നത് എണ്ണ വിപണിയിൽ അതിഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അരാംകോ സിഇഒ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടതോടെ, ഇന്ത്യ ഗ്യാസ് വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിച്ചു. ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അപകടകരമായ പ്രവണതയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
ഇറാനിലെ ദൗത്യം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയപ്പോൾ, ആവശ്യമുള്ളിടത്തോളം മിസൈൽ ആക്രമണങ്ങൾ തുടരുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാഖിലെ യുഎഇ കോൺസുലേറ്റിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. ഇറാൻ തങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനം നിലനിർത്താൻ വിവിധ രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt