
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുബായിലെ പ്രശസ്ത വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും തുറക്കുന്ന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലൂടെയും പിന്നീട് അറിയിക്കുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി. ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ ആക്രമണശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ ഒരു അമേരിക്കൻ സൈനികനുൾപ്പെടെ മൂന്ന് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അറിയുന്നു. അൽ ഷൈബ സൈനിക താവളമാണ് പ്രധാന ലക്ഷ്യമായിരുന്നത്. റിയാദ് നഗരം, അൽ ഖർജ്, അൽ ജൗഫ് പ്രദേശങ്ങൾ എന്നിവയും ആക്രമണശ്രമങ്ങൾക്ക് വിധേയമായി. എന്നാൽ ഭൂരിഭാഗം ആക്രമണങ്ങളും പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി അധികൃതർ അറിയിച്ചു. യു.എ.ഇയിൽ അബുദാബിയിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് ചെറിയ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ഓയിൽ ഇൻഡസ്ട്രിയൽ സോണിന് സമീപം തീപിടിത്തവും ഉണ്ടായി. ബഹറൈനിൽ ഒരു മിസൈൽ പതിച്ചതിനെ തുടർന്ന് ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരമുണ്ട്.
സാധാരണ ജനവാസ മേഖലകളെ ലക്ഷ്യമിട്ട ആക്രമണങ്ങളെ വിവിധ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ ചർച്ച നടത്തി. അതേസമയം സൗദി അറേബ്യയിൽ എത്തിയ ചൈനീസ് പ്രത്യേക പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ജിസിസി രാജ്യങ്ങളുടെ നേതാക്കളുമായി മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt