ഇറാനിൽ കരയുദ്ധം നടത്തുമെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികളെ പുച്ഛിച്ചു തള്ളി ഇറാൻ. യുദ്ധത്തെ ഒട്ടും ഭയക്കുന്നില്ലെന്നും അമേരിക്കൻ സൈന്യം ഇറാന്റെ മണ്ണിൽ കാലുകുത്താൻ ശ്രമിച്ചാൽ അവർ ജീവനോടെ മടങ്ങില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കൻ മാധ്യമമായ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈന്യം കരയുദ്ധത്തിനായി തയ്യാറെടുക്കുന്നതിൽ ഇറാനിന് യാതൊരു ഭയവുമില്ലെന്നും ഏത് സാഹചര്യവും നേരിടാൻ ഇറാൻ സൈന്യം പൂർണ സജ്ജമാണെന്നും അറഗ്ചി പറഞ്ഞു. ഇറാന്റെ മിസൈലുകളുടെ കൃത്യതയും ശേഷിയും ലോകം ഇതിനകം കണ്ടതാണെന്നും കരയുദ്ധം ഉണ്ടായാലും ശത്രുവിനെ നേരിടാൻ തങ്ങൾ സന്നദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളെയും അറഗ്ചി തള്ളിക്കളഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമീപിച്ചെന്ന ട്രംപിന്റെ വാദങ്ങൾ തെറ്റാണെന്നും നിലവിൽ ഒരു തരത്തിലുള്ള ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അറഗ്ചി പറഞ്ഞു. ആക്രമണം നടത്താനുള്ള ആഗ്രഹം കൊണ്ടല്ല ഇത്തരത്തിലുള്ള മുന്നറിയിപ്പുകളെന്നും, എന്നാൽ ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനിയും അമേരിക്കയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാന്റെ മണ്ണിൽ പ്രവേശിക്കുന്ന അമേരിക്കൻ സൈനികരെ കൊല്ലുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇമാം ഖമനയിയുടെയും ഖൊമെയ്നിയുടെയും വീരപുത്രന്മാർ ശത്രുവിനെ നേരിടാൻ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കണമെന്ന ഇറാന്റെ അഭ്യർത്ഥന താൻ നിരസിച്ചുവെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. നിലവിലെ സാഹചര്യത്തിൽ യുദ്ധം താൻ പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുപോകാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
