ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കനത്ത പുക ഉയർന്നതായും രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. യുഎസുമായി ചേർന്നുള്ള ആക്രമണമാണെന്നാണു സൂചനകൾ.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസ് സമുച്ചയത്തിന് സമീപമാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖമനയിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി വിവരങ്ങൾ പുറത്തുവന്നു. നിലവിൽ അദ്ദേഹം ടെഹ്റാനിൽ ഇല്ലെന്നുമാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇതേസമയം, ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ സൈറൺ മുഴക്കിയതായും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
