സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം, മലപ്പുറം സ്വദേശികൾ മരിച്ചു. കൊല്ലം പത്തനാപുരം കലഞ്ഞൂർ മാങ്കോട് ചിതൽവെട്ടി സ്വദേശിനി കിഴക്കേക്കര പുത്തൻ വീട്ടിൽ ഷീബ (42), മലപ്പുറം മണ്ണത്തിപ്പൊയിൽ പടിഞ്ഞാറംപൊയിൽ സ്വദേശി കളക്കണ്ടൻ ഹൗസിൽ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അഫീഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം–മക്ക റോഡിൽ ത്വാഇഫിന് സമീപമുള്ള മഹ്‌ലൂമിയ പ്രദേശത്താണ് ദുരന്തം നടന്നത്. മലയാളി ഉംറ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചോടെ ഹോത്ത ബനീ തമീമിൽ നിന്ന് ബസ് പുറപ്പെട്ടിരുന്നു. ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം യാത്ര തുടരുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ ബസിന്റെ ബ്രേക്കിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടർന്ന് യാത്ര തുടരുന്നതിനിടെയാണ് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകർന്നുമാറി. ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈൽ നിസാമിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. തകർന്ന ഭാഗങ്ങളിലൂടെ പുറത്തിറങ്ങിയ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്.
വിവരമറിഞ്ഞ ഉടൻ പോലീസ്, റെഡ് ക്രസന്റ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന ഏകദേശം 50 യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ കൊല്ലം, മലപ്പുറം സ്വദേശികളാണ് കൂടുതൽ. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച ഷീബ ഭർത്താവ് മജീദിനോടൊപ്പം വർഷങ്ങളായി സൗദിയിൽ താമസിക്കുകയായിരുന്നു. ഭർത്താവിനും രണ്ട് മക്കൾക്കും ഒപ്പമാണ് ഉംറയ്ക്കായി പോയത്. അപകടത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഇസ്മാഈൽ നിസാമി സമസ്ത ഇസ്‌ലാമിക് സെന്റർ പ്രവർത്തകനും ഉംറ ഗ്രൂപ്പിന്റെ അമീറുമായിരുന്നു. ഗ്രൂപ്പിനെ നയിച്ചിരുന്നത് ഇദ്ദേഹമാണ്. പിതാവ് മുഹമ്മദ് കളക്കണ്ടൻ, മാതാവ് ആയിഷ മജേരികുരിക്കൽ. അപകടത്തിൽപ്പെട്ടവരെ സഹായിക്കാനും തുടർനടപടികൾ ഏകോപിപ്പിക്കാനുമായി ത്വാഇഫ്, അഫീഫ്, അൽ ഖർജ്, റിയാദ് എന്നിവിടങ്ങളിലെ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
