
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്ത് താൽക്കാലിക കൂടാരങ്ങൾ (റമദാൻ ടെന്റുകൾ) സ്ഥാപിക്കുന്നതിന് കർശന നിബന്ധനകളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. അംഗീകൃത ലൈസൻസില്ലാതെ സ്ഥാപിക്കുന്ന കൂടാരങ്ങൾ ഉടനടി പൊളിച്ചുനീക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിലും റോഡരികിലും ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിൽ കൂടാരങ്ങൾ നിർമ്മിക്കുന്നത് തടയാനാണ് മുനിസിപ്പാലിറ്റിയുടെ ഈ നീക്കം.
കൂടാരങ്ങൾ സ്ഥാപിക്കുന്നതിന് മുൻപായി മുനിസിപ്പാലിറ്റിയിൽ നിന്ന് കൃത്യമായ അനുമതി പത്രം വാങ്ങിയിരിക്കണം. കൂടാതെ, അഗ്നിശമന സേനയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. വൈദ്യുതി കണക്ഷനുകളിലെ സുരക്ഷിതത്വവും പരിസരത്തെ ശുചിത്വവും സംഘാടകരുടെ ഉത്തരവാദിത്തമായിരിക്കും. നിശ്ചിത സമയപരിധി കഴിഞ്ഞാലുടൻ കൂടാരങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ വൻതുക പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിയന്ത്രണങ്ങളെന്നും എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL