
സ്മാർട്ട്ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. ബാങ്ക് വിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പുതിയ ഫോൺ വാങ്ങുന്നതോ പൊലീസിൽ പരാതി നൽകുന്നതോ ചെയ്യുന്നതിന് മുമ്പ് ഗൂഗിൾ ഒരുക്കിയ സൗജന്യ സംവിധാനം ഉപയോഗിച്ച് ഫോൺ കണ്ടെത്താൻ കഴിയും.
ആപ്പ് ആവശ്യമില്ല, ഗൂഗിൾ അക്കൗണ്ട് മതി
പ്രത്യേക ട്രാക്കിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താലേ ഫോൺ കണ്ടെത്താനാകൂ എന്ന ധാരണ തെറ്റാണ്. നഷ്ടപ്പെട്ട ഫോണിൽ ലോഗിൻ ചെയ്തിരുന്ന അതേ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ‘Find My Device’ എന്ന സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഫോൺ ട്രാക്ക് ചെയ്യാം.
കണ്ടെത്തുന്നത് എങ്ങനെ?
-മറ്റൊരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കുക.
-ബ്രൗസറിൽ android.com/find എന്ന വെബ്സൈറ്റ് തുറക്കുക.
-നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന ജിമെയിൽ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
-ലോഗിൻ ചെയ്താൽ ഗൂഗിൾ മാപ്പിൽ ഫോണിന്റെ നിലവിലെ സ്ഥാനം കാണാൻ സാധിക്കും.
-സൈലന്റിലായാലും റിങ് ചെയ്യാം
ഫോൺ വീടിനുള്ളിൽ തന്നെ കാണാതായ സാഹചര്യത്തിൽ ‘Play Sound’ ഓപ്ഷൻ സഹായകരമാണ്. ഫോൺ സൈലന്റ് മോഡിലായാലും ഈ ഓപ്ഷൻ ഉപയോഗിച്ചാൽ അഞ്ച് മിനിറ്റ് വരെ ഉയർന്ന ശബ്ദത്തിൽ റിങ് ചെയ്യും.
ഡാറ്റ സുരക്ഷിതമാക്കാം
ഫോൺ മോഷണം പോയതായി സംശയമുണ്ടെങ്കിൽ ‘Secure Device’ ഓപ്ഷൻ ഉപയോഗിച്ച് ദൂരെയിരുന്ന് ഫോൺ ലോക്ക് ചെയ്യാം. സ്ക്രീനിൽ ബന്ധപ്പെടാനുള്ള മറ്റൊരു ഫോൺ നമ്പർ പ്രദർശിപ്പിക്കാനും സാധിക്കും. ഫോൺ തിരികെ ലഭിക്കില്ലെന്ന് ഉറപ്പായാൽ ‘Erase Device’ ഓപ്ഷൻ വഴി മുഴുവൻ ഡാറ്റയും നീക്കം ചെയ്യാം.
സ്വിച്ച് ഓഫ് ആയാലും കണ്ടെത്താം
പുതിയ അപ്ഡേറ്റുകൾ പ്രകാരം, പ്രത്യേകിച്ച് പുതിയ മോഡലുകളിൽ ‘Offline Finding’ സൗകര്യവും ലഭ്യമാണ്. ഫോൺ സ്വിച്ച് ഓഫ് ആയാലോ ബാറ്ററി തീർന്നുപോയാലോ പോലും ബ്ലൂടൂത്ത് സിഗ്നലിന്റെ സഹായത്തോടെ കണ്ടെത്താൻ സാധിക്കും. സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ പാനിക്കാകാതെ, ഉടൻ തന്നെ ഗൂഗിളിന്റെ ഈ സൗകര്യം ഉപയോഗിക്കുന്നത് ഡാറ്റയും സ്വകാര്യതയും സംരക്ഷിക്കാൻ സഹായകരമാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL