
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ ‘വാബീറ്റ ഇൻഫോ’ വ്യക്തമാക്കി. വാട്സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയ്ഡ് വേർഷൻ 2.26.6.1-ലാണ് പുതിയ സവിശേഷതകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഡെവലപ്പർമാർക്കും തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്കും മാത്രമാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് ലഭ്യമാകുന്നത് ഭാവിയിലെ അപ്ഡേറ്റുകളിലൂടെയായിരിക്കും. വർഷങ്ങളായി വാട്സ്ആപ്പിന്റെ അടയാളമായി നിലകൊണ്ടിരുന്ന പച്ച നിറത്തിലുള്ള പരമ്പരാഗത ബ്രാൻഡിംഗിൽ നിന്ന് മാറി, ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത ദൃശ്യാനുഭവം നൽകുകയാണ് പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ആപ്പിന്റെ രൂപഭാവം മാറ്റാൻ സാധിക്കുന്ന വിധത്തിൽ നിരവധി ദൃശ്യ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി.
14 പുതിയ ഐക്കണുകൾ
പുതിയ അപ്ഡേറ്റിൽ 14 വ്യത്യസ്ത ആപ്പ് ഐക്കണുകൾ അവതരിപ്പിക്കാനാണ് സാധ്യത. ഇതിൽ ഏഴ് ഐക്കണുകൾ നീല, തവിട്ട്, പച്ച, മോണോക്രോം, ഓറഞ്ച്, പിങ്ക്, പർപ്പിൾ തുടങ്ങിയ ഏകവർണ്ണ ഡിസൈനുകളായിരിക്കും. ശേഷിക്കുന്ന ഐക്കണുകൾ കൂടുതൽ സ്റ്റൈലിഷ് രൂപത്തിലാണ് എത്തുക. ‘അറോറ’, ‘ഫ്ലഫി’, ‘ഗാലക്സി’, ‘ക്ലേ’, ‘സ്പാർക്കിൾ’, ‘നിയോൺ’ എന്നീ പേരുകളോടെയുള്ള ഡിസൈനുകൾ ഉപയോക്താക്കൾക്ക് പുതുമയാർന്ന ലുക്ക് നൽകും. ഈ ഐക്കണുകൾ ഉപയോഗിച്ച് ഹോം സ്ക്രീനിലും ആപ്പ് ഡ്രോയറിലും വാട്സ്ആപ്പിന്റെ രൂപഭാവം മാറ്റാനാകും. തേർഡ് പാർട്ടി ആപ്പുകൾ ആശ്രയിക്കാതെ തന്നെ ഇഷ്ടാനുസൃത കസ്റ്റമൈസേഷൻ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.
19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാം
ഐക്കണുകൾക്ക് പുറമെ ആപ്പിന്റെ പ്രധാന ബ്രാൻഡിംഗ് നിറവും മാറ്റാനുള്ള സൗകര്യം ലഭ്യമാകാനിടയുണ്ട്. 19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. റോയൽ ബ്ലൂ, വയലറ്റ്, കോറൽ, ടീൽ, തവിട്ട്, ബീജ്, മഞ്ഞ, പിങ്ക്, ചുവപ്പ്, ഓറഞ്ച്, ഡാർക്ക് ഒലീവ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഡിഫോൾട്ട് പച്ചയ്ക്കൊപ്പം ലഭ്യമാകാം. പഴയ പതിപ്പുകളുടെ ക്ലാസിക് ഡിസൈൻ തിരിച്ചെത്താനും സാധ്യതയുണ്ട്.
തിരഞ്ഞെടുക്കുന്ന നിറങ്ങൾ ടാബുകൾ, ഫിൽറ്ററുകൾ, ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടണുകൾ എന്നിവയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഇതുവഴി ആപ്പിന്റെ മുഴുവൻ ഭാഗത്തും ഏകോപിതമായ തീം അനുഭവം ലഭ്യമാകും. പുതിയ ഫീച്ചറുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കളുടെ വ്യക്തിഗത അനുഭവം മെച്ചപ്പെടുത്താനുള്ള വാട്സ്ആപ്പിന്റെ പുതിയ നീക്കമായാണ് ഈ അപ്ഡേറ്റ് വിലയിരുത്തപ്പെടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL