
കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 3,206 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും ആശുപത്രികൾക്ക് മുന്നിലെ അനധികൃത പാർക്കിംഗും തടയുന്നതിനായി നടത്തിയ പ്രത്യേക ക്യാമ്പയിനിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്.
പരിശോധനയുടെ ഭാഗമായി 47 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. വിവിധ ആശുപത്രികൾക്ക് മുന്നിലെ പാർക്കിംഗ് നിയമങ്ങൾ ലംഘിച്ചതിന് മാത്രം 322 പേർക്ക് പിഴ ചുമത്തി. നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും വലിയ തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് അമീരി ആശുപത്രി പരിസരത്താണ് (119 കേസുകൾ).
ഗവർണറേറ്റുകൾ തിരിച്ചുള്ള കണക്കുകൾ പ്രകാരം അഹമ്മദിയിലാണ് ഏറ്റവും കൂടുതൽ ലംഘനങ്ങൾ നടന്നത് (570). തൊട്ടുപിന്നാലെ ഫർവാനിയ (536), ക്യാപിറ്റൽ ഗവർണറേറ്റ് (451) എന്നിവയാണുള്ളത്. ജഹ്റയിലാണ് ഏറ്റവും കുറഞ്ഞ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് (358).
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതമായ ശബ്ദമുണ്ടാക്കുക, ഗ്ലാസുകളിൽ നിയമവിരുദ്ധമായി കറുത്ത ഫിലിം ഒട്ടിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലംഘനങ്ങൾ. ലൈസൻസില്ലാതെ വാഹനമോടിച്ച ആറ് പേരെ തടങ്കലിലാക്കുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ, താമസരേഖകൾ ഇല്ലാത്ത 11 പേരെയും പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
റോഡിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം നിർത്തുന്നതും അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുന്നതും ഒഴിവാക്കാൻ കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL