
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനീയർമാരുടെ പ്രൊഫഷണൽ അംഗീകാരവും വിസ നടപടികളും സംബന്ധിച്ച നിലവിലെ നിയമങ്ങളിൽ സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. മുൻപ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് (KSE) നടത്തിയിരുന്ന പരീക്ഷകൾക്ക് പകരമായി, സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനും തുല്യതാ സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. പരീക്ഷാ നടത്തിപ്പിലെ കാലതാമസവും പരാതികളും പരിഗണിച്ചാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM), ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ ഈ ചുമതലകൾ നേരിട്ട് ഏറ്റെടുത്തത്.
എഞ്ചിനീയർ വിസ ലഭിക്കുന്നതിനായി പ്രവാസികൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പഠിച്ച രാജ്യത്തെ സർവകലാശാല, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്ന് സാക്ഷ്യപ്പെടുത്തുക എന്നതാണ്. ഇതിനുശേഷം അതത് രാജ്യങ്ങളിലെ കുവൈറ്റ് എംബസിയിൽ നിന്നും അറ്റസ്റ്റേഷൻ പൂർത്തിയാക്കണം. കുവൈറ്റിലെത്തിയ ശേഷം ഇവിടുത്തെ വിദേശകാര്യ മന്ത്രാലയത്തിൽ (MOFA) നിന്ന് കൂടി സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കൂ.
അടുത്ത ഘട്ടമായി ഈ രേഖകൾ കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ തുല്യതാ സർട്ടിഫിക്കറ്റിനായി (Equivalency) സമർപ്പിക്കണം. അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യത കുവൈറ്റിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമാണോ എന്ന് ഇവിടെ പരിശോധിക്കും. തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അപേക്ഷകനെ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് തരംതിരിക്കുകയും വർക്ക് പെർമിറ്റ് അനുവദിക്കുകയും ചെയ്യും. സിവിൽ ഐഡിയിൽ എഞ്ചിനീയർ തസ്തിക രേഖപ്പെടുത്താൻ ഈ പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ അത്യന്താപേക്ഷിതമാണ്. നിലവിൽ ഇതിനായി പ്രത്യേക പരീക്ഷകളുടെ ആവശ്യമില്ല എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
സർട്ടിഫിക്കറ്റുകൾ തുല്യതാ പരിശോധനയ്ക്ക് നൽകിയിരിക്കുന്ന സമയത്ത് പ്രവാസികൾ തങ്ങളുടെ താമസ രേഖകൾ (Residency) കൃത്യമാണെന്ന് ഉറപ്പുവരുത്തണം. നടപടിക്രമങ്ങൾക്ക് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം എന്നതിനാൽ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അപേക്ഷകൾ നൽകാൻ ശ്രദ്ധിക്കണം. ഔദ്യോഗിക ലൈസൻസിംഗിന് കെ.എസ്.ഇ (KSE) പരീക്ഷ ഇപ്പോൾ നിർബന്ധമില്ലെങ്കിലും, ചില കമ്പനികൾ തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി കെ.എസ്.ഇ അംഗത്വം ആവശ്യപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL