കണക്ഷൻ ഫ്ലൈറ്റിലെ സ്വർണ്ണക്കെണി; 18 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രവാസിക്ക് നീതി

ദുബായിൽ നിന്ന് നാട്ടിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്തതിന്റെ പേരിൽ ഡൽഹി കസ്റ്റംസിന്റെ നടപടികൾ മൂലം അപൂർവമായ ദുരിതം നേരിടേണ്ടി വന്ന തൃശൂർ വെണ്ണേങ്ങോട് സ്വദേശി ഗോവിന്ദിനും കുടുംബത്തിനും ഒടുവിൽ നീതി ലഭിച്ചു. 44 പവൻ സ്വർണം തിരികെ ലഭിക്കാൻ ഇവർക്ക് ഒന്നര വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടമാണ് നടത്തേണ്ടി വന്നത്. 2024 ഏപ്രിൽ 9ന് ദുബായ്–ഡൽഹി–കൊച്ചി വിമാനത്തിലാണ് ഗോവിന്ദും കുടുംബവും ഉൾപ്പെടെ അഞ്ചുപേർ യാത്ര തിരിച്ചത്. കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് കൂടുതലായതിനാലാണ് ഡൽഹി വഴി കണക്ഷൻ ഫ്ലൈറ്റ് തിരഞ്ഞെടുത്തത്. ഏപ്രിൽ 10ന് പുലർച്ചെ ഡൽഹിയിൽ എത്തിയ ഉടൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു നിർത്തി പരിശോധന നടത്തി. പരിശോധനയിൽ ഭാര്യ ബിന്ദുവിന്റെ വിവാഹാഭരണങ്ങൾ ഉൾപ്പെടെ ആകെ 352 ഗ്രാം (44 പവൻ) സ്വർണം കൈവശമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഗ്രീൻ ചാനൽ നിയമലംഘനം ആരോപിച്ച് കസ്റ്റംസ് സ്വർണാഭരണങ്ങൾ പിടിച്ചെടുത്ത് ലോക്കറിലേക്ക് മാറ്റി. 2017ൽ കൊച്ചി കസ്റ്റംസിൽ നിന്ന് സ്വർണം കൊണ്ടുപോകുന്നതിനായി വാങ്ങിയ രേഖകൾ ഗോവിന്ദ് ഹാജരാക്കിയെങ്കിലും, ഡൽഹിയിലെ ഉദ്യോഗസ്ഥർ അത് അംഗീകരിക്കാൻ തയ്യാറായില്ല. പിഴയടച്ച് സ്വർണം വിട്ടുനൽകാൻ ഗോവിന്ദ് സന്നദ്ധത അറിയിച്ചെങ്കിലും, രേഖകളിൽ പിഴവുകൾ ഉണ്ടെന്ന ആരോപണത്തോടെ നടപടികൾ നീണ്ടുപോയി. കേസുമായി ബന്ധപ്പെട്ട നടപടികൾക്കായി ഗോവിന്ദിന് മൂന്ന് തവണ ദുബായിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. ലോക്കർ ഫീസും അഭിഭാഷക ഫീസും ഉൾപ്പെടെ ഏകദേശം ഏഴ് ലക്ഷം രൂപയാണ് ഈ കാലയളവിൽ ചെലവായത്.

അഭിഭാഷകയായ കവിത സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കോടതി ഗോവിന്ദിന് അനുകൂലമായ വിധി പ്രസ്താവിച്ചു. സ്വർണം കേരളത്തിൽ തന്നെ ഉപയോഗിച്ചതാണെന്ന് തെളിയിക്കുന്നതിനായി വിവാഹ ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ബിന്ദുവിന്റെയും മകളുടെയും സ്വർണാഭരണങ്ങൾ പിഴയോ ലോക്കർ ഫീസോ ഇല്ലാതെ തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. 2026 ജനുവരി 14നാണ് മുഴുവൻ സ്വർണാഭരണങ്ങളും ഗോവിന്ദിന്റെ കൈകളിലേക്ക് തിരികെ ലഭിച്ചത്. “ഇനിയൊരു പ്രവാസിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്” എന്ന് പ്രതികരിച്ച ഗോവിന്ദ്, ടിക്കറ്റ് നിരക്ക് കുറവാണെന്ന കാരണംകൊണ്ട് ഇനി ഒരിക്കലും കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യില്ലെന്ന തീരുമാനവും അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version