
കുവൈറ്റിലെ മദ്യദുരന്തത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതിയ ബെംഗളുരു സ്വദേശി സൂരജ് ലാമയുടെ അന്ത്യം കൊച്ചിയിലെ കുറ്റിക്കാട്ടിൽ അനാഥമായിട്ടായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിലൂടെ ഒടുവിൽ തെളിഞ്ഞു. കളമശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ ജീർണിച്ച മൃതദേഹം തന്റെ പിതാവിന്റേതാണോ എന്നറിയാൻ ആഴ്ചകളോളം നീണ്ട മകൻ സന്ദൻ ലാമയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പാണ് ഇപ്പോൾ സങ്കടകരമായ അന്ത്യത്തിൽ എത്തിനിൽക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടന്ന പരിശോധനാ ഫലം പോലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ, അവിടുത്തെ മദ്യദുരന്തത്തിന് പിന്നാലെ ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലായിരുന്നു. എന്നാൽ ബന്ധുക്കളെപ്പോലും അറിയിക്കാതെ ഒക്ടോബർ നാലിന് അദ്ദേഹത്തെ ആരോരുമില്ലാത്ത കൊച്ചിയിലേക്ക് കയറ്റിവിട്ടതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. തൃക്കാക്കരയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിൽ ലാമയെ കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസ് അദ്ദേഹത്തെ ഒരു ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിലേക്ക് അയച്ചെങ്കിലും അവിടെ നിന്ന് ആരും ശ്രദ്ധിക്കാനില്ലാതെ ലാമ പുറത്തേക്ക് നടന്നുപോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ലാമയെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് അന്വേഷണം ഊർജ്ജിതമായതും കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെടുത്തതും. ഒരു പ്രവാസി മലയാളിക്ക് ഇത്തരമൊരു ദുർഗതി ഉണ്ടായത് അത്യന്തം നടുക്കുന്നതാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിലവിൽ കൊച്ചിയിലെത്തിയ കുടുംബം കോടതിയുടെ അനുമതിയോടെ സംസ്കാര ചടങ്ങുകൾ ഇവിടെത്തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL