
റമദാൻ മാസത്തിൽ ചാരിറ്റബിൾ സൊസൈറ്റികൾ നടത്തുന്ന ധനശേഖരണം നിയന്ത്രിക്കുന്നതിന് സാമൂഹിക കാര്യ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിർദേശങ്ങൾ പ്രകാരം, ചാരിറ്റബിൾ സൊസൈറ്റികളുടെ ഹെഡ്‌ക്വാർട്ടേഴ്സുകളിലോ പൊതുസ്ഥലങ്ങളിലോ പണമായി (കാഷ്) സംഭാവനകൾ സ്വീകരിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പള്ളികളിൽ അകത്തോ പുറത്തോ യാതൊരു വിധ ധനശേഖരണവും അനുവദിക്കില്ല. പള്ളികളുമായി ബന്ധപ്പെട്ട് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിലും മന്ത്രാലയം വിലക്കേർപ്പെടുത്തി. കെ-നെറ്റ് (K-Net), ഓൺലൈൻ ലിങ്കുകൾ, ബാങ്ക് ട്രാൻസ്ഫർ, സ്മാർട്ട്ഫോൺ ആപ്പുകൾ, എസ്‌എംഎസ് (SMS) എന്നിവ വഴിയാണ് ഇനി സംഭാവനകൾ സ്വീകരിക്കാവുന്നത്. കുവൈത്തിന് പുറത്തുനിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് മുമ്പ് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. സംഭാവന നൽകുന്നവർക്ക് കെ-നെറ്റ് രസീതുകളോ മറ്റ് ഔദ്യോഗിക രേഖകളോ കൃത്യമായി നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സ്വർണം, വെള്ളി, വാഹനങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സംഭാവനയായി ലഭിക്കുന്ന സാഹചര്യത്തിൽ അവയുടെ ഭാരം, തരം എന്നിവ രേഖപ്പെടുത്തുകയും അന്നത്തെ വിപണി മൂല്യം കുവൈത്ത് ദിനാറിൽ കണക്കാക്കുകയും വേണം. സ്വർണ്ണത്തിനും വെള്ളിക്കും സെയിൽസ് ഇൻവോയിസ് നിർബന്ധമാക്കി. വാഹനങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ സ്വീകരിക്കുമ്പോൾ ഒന്നിലധികം കൊട്ടേഷനുകൾ ശേഖരിച്ച് ഏറ്റവും ഉയർന്ന മൂല്യം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇത്തരം എല്ലാ നടപടികളും അസോസിയേഷൻ ആസ്ഥാനത്ത് വെച്ചുതന്നെ നടത്തണം. അതേസമയം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായ പട്ടികയിൽ പുതിയൊരു വിഭാഗത്തെ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. പിതാവ് മരണപ്പെട്ട 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ കുവൈത്തി വനിതകൾക്ക് ഇനി മുതൽ സഹായത്തിനായി അപേക്ഷിക്കാം. ഇത് പൈലറ്റ് പ്രോഗ്രാമായാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കും. അപേക്ഷകർ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ ഹാജരാക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL