പ്രിയപ്പെട്ട കുട്ടികൾ ഇനി ഇല്ല… യാഥാർഥ്യമറിയാതെ മാതാപിതാക്കൾ ആശുപത്രിയിൽ, കണ്ണീരണിഞ്ഞ് മലയാളികൾ

അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരിയും മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ്, അമ്മാർ, അയാഷ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇവർക്കൊപ്പം മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷ്റയും ജീവൻ നഷ്ടപ്പെട്ടു.

ലിവ ഫെസ്റ്റിവലിലെ ആഘോഷങ്ങൾ കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുലർച്ചെ നാലിനും അഞ്ചിനുമിടയിലുള്ള സമയത്ത് യാത്രയ്ക്കിടെ വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടികളും ബുഷ്റയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ, അസാം എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റ മറ്റൊരു മകന്റെ നില അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് അബ്ദുൽ ലത്തീഫ് പ്രവർത്തിക്കുന്നത്. യാത്രയ്ക്കിടെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് റുക്സാനയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ ബനിയാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളെ ദുബായിൽ തന്നെ കബറടക്കുന്നതാണ് ബന്ധുക്കൾ ആലോചിക്കുന്നത്. ലണ്ടനിൽ താമസിക്കുന്ന റുക്സാനയുടെ സഹോദരൻ എത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. ബുഷ്റയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version