കുവൈത്തിൽ വീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങി; പ്രവാസി ഗാർഹിക തൊഴിലാളി അറസ്റ്റിൽ

കുവൈത്തിലെ അബു ഹലീഫയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. വീട്ടിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ വംശജയായ ഗാർഹിക തൊഴിലാളിക്കെതിരെയാണ് ഈജിപ്ഷ്യൻ പ്രവാസി പൊലീസിൽ പരാതി നൽകിയത്.

ഒരു സ്വർണമാല, അഞ്ച് മോതിരങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്വർണാഭരണങ്ങളും 70 കുവൈത്തി ദിനാറുമാണ് വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് പരാതിക്കാരൻ അബു ഹലീഫ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഏകദേശം 19,000 ഇന്ത്യൻ രൂപയാണ് 70 ദിനാറിന്റെ മൂല്യം.

ഗാർഹിക തൊഴിലാളി വീട്ടുകാരെ അറിയിക്കാതെ വീട്ടിൽ നിന്ന് പോയതിന് പിന്നാലെയാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളിക്കെതിരെ മോഷണ ആരോപണം ഉന്നയിച്ച് പരാതി നൽകിയത്. യുവതി ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. പരാതി രജിസ്റ്റർ ചെയ്ത പൊലീസ്, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി കേസ് അന്വേഷണ വിഭാഗത്തിന് കൈമാറി.

അതിനിടെ, കേസിൽ മറ്റൊരു നിർണായക വിവരവും പുറത്തുവന്നു. തൊഴിലാളിയെ കാണാതായതിനെ തുടർന്ന് അവരുടെ സ്പോൺസർ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നതായും പിന്നീട് വ്യക്തമായി. നിലവിൽ ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മോഷണ പരാതിയും സ്പോൺസർ നൽകിയ കാണാതായെന്ന റിപ്പോർട്ടും ഉൾപ്പെടുത്തി യുവതിക്കെതിരായ അന്വേഷണം അധികൃതർ തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version